ഓ ഒഡിയൻ!!! ഇഗാളോയുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡിയോൻ ഇഗാലോ എന്ന ജനുവരി സൈനിംഗിന്റെ ഇരട്ട ഗോളുകളുടെ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന എവേ മത്സരത്തിൽ ഡെർബി കൗണ്ടിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഉറപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി ക്യാപ്റ്റനായ ഡാർബി കൗണ്ടിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളികൾ ഉയർത്താൻ ചാമ്പ്യൻഷിപ്പ് ടീമിനായില്ല.

ആദ്യ പകുതിയിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മത്സരത്തിന്റെ 33ആം മിനുട്ടിൽ ലൂക് ഷോയുടെ സ്ട്രൈക്കിൽ നിന്നാണ് യുണൈറ്റഡ് ആദ്യം ഗോൾ വല കുലുക്കിയത്. ലൂക് ഷോയുടെ ഷോട്ട് ലിംഗാർഡിൽ തട്ടി ഡിഫ്ലക്റ്റഡ് ആയി വലയിൽ എത്തുകയായിരുന്നു. 41ആം മിനുട്ടിൽ ലൂക് ഷോ തന്നെ രണ്ടാം ഗോളിനും കാരണക്കാരനായി. ഇത്തവണ ലൂക് ഷോയുടെ പാസ് സ്വീകരിച്ച ഇഗാളോ പന്ത് വലയിലേക്ക് എത്തിച്ചു.

രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ആയിരുന്നു ഇഗാലോയുടെ രണ്ടാം ഗോൾ വന്നത്. ഇത്തവണ മാറ്റയുടെ പാസ് സ്വീകരിച്ച ഇഗാളോയുടെ ഷോട്ട് ആദ്യ തടുക്കാൻ ഡാർബി ഡിഫൻസിനായെങ്കിലും റീബൗണ്ടിൽ ഇഗാളോ വല കുലുക്കി. ക്വാർട്ടർ ഫൈനലിൽ നോർവിച് ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.