പാരീസിൽ എ. ടി. പി ടൂറിലെ ആയിരം ജയം കുറിച്ച് റാഫേൽ നദാൽ

Rafaelnadal
- Advertisement -

എ. ടി. പി 1000 മാസ്റ്റേഴ്സിൽ എ. ടി. പി ടൂറിലെ തന്റെ ആയിരാമത്തെ ജയം കുറിച്ച് ഒന്നാം സീഡും രണ്ടാം റാങ്കുകാരനും ആയ റാഫേൽ നദാൽ. 1000 എ. ടി. പി ജയങ്ങൾ നേടുന്ന നാലാമത്തെ മാത്രം താരമായി നദാൽ ഇതോടെ. രണ്ടാം റൗണ്ടിൽ നാട്ടുകാരൻ ആയ ഫെലിസിയാനോ ലോപ്പസിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ആണ് സ്പാനിഷ് താരം മറികടന്നത്. മത്സരത്തിൽ ലോപ്പസ് 22 ഏസുകൾ ഉതിർത്തു എങ്കിലും 7 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. നദാൽ ആവട്ടെ മത്സരത്തിൽ 16 ഏസുകൾ ഉതിർത്തു. ആദ്യ സെറ്റ് 6-4 വഴങ്ങിയ നദാൽ രണ്ടാം സെറ്റിൽ താളം കണ്ടത്തി.

രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയ നദാൽ ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക ബ്രൈക്ക് നേടിയ നദാൽ മത്സരം സ്വന്തം പേരിൽ കുറിച്ചു. തന്റെ ആദ്യ പാരീസ് മാസ്റ്റേഴ്സ് ആണ് നദാൽ ഇത്തവണ ലക്ഷ്യം വെക്കുന്നത്. സെർബിയൻ താരം കെക്മനോവിച്ചിനെ 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന നാലാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെരവും അവസാന പതിനാറിലേക്ക് മുന്നേറി. പരിക്കേറ്റു കെവിൻ ആന്റേഴ്‌സൻ പിന്മാറിയതോടെ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്, റിക്കാർഡ് ഗാസ്ഗറ്റിനെ 7-5, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ആറാം സീഡ് അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനും അവസാന പതിനാറിലേക്ക് മുന്നേറി.

Advertisement