മലിംഗയുടെ വിക്കറ്റുകള്‍ക്ക് ശേഷം മുഷ്ഫിക്കുര്‍ റഹീമിലൂടെ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്

- Advertisement -

ലസിത് മലിംഗ തന്റെ അന്താരാഷ്ട്ര മടങ്ങിവരവ് ആഘോഷമാക്കിയ മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് മുഷ്ഫിക്കുര്‍ റഹിമിന്റെ ശതകത്തിന്റെ ബലത്തില്‍ 261 റണ്‍സിലേക്ക് നീങ്ങി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ 200 കടക്കുമോയെന്ന് സംശയിച്ച ഇന്നിംഗ്സ് 261 റണ്‍സിലേക്ക് എത്തിച്ചതില്‍ മുഷ്ഫിക്കുറിന്റെ ശ്രദ്ധേയമായ പ്രകടനം മാത്രമാണ്. അവസാന വിക്കറ്റില്‍ പൊട്ടലേറ്റ കൈക്കുഴയുമായി ക്രീസിലേക്കെത്തിയ തമീമുമായി ചേര്‍ന്ന് മുഷ്ഫിക്കുര്‍ അവസാന വിക്കറ്റില്‍ 32 റണ്‍സ് കൂടി നേടിയ ശേഷം 144 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തമീം ഇക്ബാല്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ മലിംഗയുടെ രണ്ട് വിക്കറ്റ് നേട്ടത്തിനു ശേഷം ഏറെ വൈകാതെ ബംഗ്ലാദേശിനു തമീം ഇക്ബാലിനെ പരിക്കേറ്റ് നഷ്ടമായിരുന്നു. പിന്നീട് മുഷ്ഫിക്കുര്‍ റഹിമും മുഹമ്മദ് മിഥുനും ചേര്‍ന്ന് ടീമിനെ തിരികെ ട്രാക്കിലെത്തിക്കുകയായിരുന്നു.

63 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്റെ വിക്കറ്റും ലസിത് മലിംഗ തന്നെയാണ് നേടിയത്. മിഥുന്‍ പുറത്താകുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 134 റണ്‍സായിരുന്നു. പിന്നീട് മറ്റു താരങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണ റഹിമിനു ലഭിച്ചില്ലെങ്കിലും താരം തന്റെ ശതകം പൂര്‍ത്തിയാക്കി ബംഗ്ലാദേശിന്റെ സ്കോര്‍ 200 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഷ്ഫിക്കുര്‍ റഹിമിന്റെ ബലത്തില്‍ ബംഗ്ലാദേശ് 49.3 ഓവറില്‍ 261 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 150 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ വീരോചിതമായ ഇന്നിംഗ്സ്. ഒരു ഘട്ടത്തില്‍ 195/7 എന്ന നിലയിലേക്കായ ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കുവാന്‍ കഴിയാതെ പോയത് ശ്രീലങ്കന്‍ ബൗളിംഗിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടേണ്ടതാണ്.

അവസാന വിക്കറ്റില്‍ പരിക്കേറ്റ തമീം ഇക്ബാലിനെ ഒരുവശത്ത് നിര്‍ത്തി മുഷ്ഫിക്കുര്‍ ബംഗ്ലാദേശിന്റെ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ് 10 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടു നല്‍കി 4 വിക്കറ്റ് നേടിയപ്പോള്‍ ധനന്‍ജയ ഡി സില്‍വ രണ്ടും സുരംഗ ലക്മല്‍, അമില അപോന്‍സോ, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Advertisement