സൂപ്പര്‍ ഷോട്ടുകളുമായി സൂപ്പര്‍മാന്‍ എബി ഡി വില്ലിയേഴ്സ്, ജയം പക്ഷേ മുംബൈയ്ക്ക്, താരങ്ങളായി ബുംറയും ലസിത് മലിംഗയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പൊരുതി നോക്കിയെങ്കിലും അവസാന രണ്ടോവറില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ജയം പിടിച്ചെടുത്ത് മുംബൈ. ജസ്പ്രീത് ബുംറയും ലസിത് മലിംഗയും എറിഞ്ഞ അവസാന ഓവറുകളില്‍ 22 റണ്‍സ് വിജയലക്ഷ്യമായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നതെങ്കിലും ടീമിനു 5 റണ്‍സ് തോല്‍വി ഏറ്റു വാങ്ങുവാനായിരുന്നു വിധി. 19ാം ഓവില്‍ അഞ്ച് റണ്‍സ് മാത്രം ബുംറ വഴങ്ങിയപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്ത് സിക്സ് വഴങ്ങിയെങ്കിലും പിന്നീട് ശക്തമായ ബൗളിംഗിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ മലിംഗയ്ക്കായി. 41 പന്തില്‍ 70 റണ്‍സ് നേടി എബി ഡി വില്ലിയേഴ്സ് പുറത്താകാതെ നിന്നു. 4 ഫോറും ആറ് സിക്സുമായിരുന്നു ബാംഗ്ലൂരിന്റെ സൂപ്പര്‍മാന്‍ നേടിയത്.

ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു.   യുവരാജ് സിംഗ് എബിഡി നല്‍കിയ ആദ്യ പന്തിലെ അവസരം നഷ്ടപ്പെടുത്തിയത് മുംബൈയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും മത്സരം തിരിച്ചു പിടിക്കുവാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി. മയാംഗ് മാര്‍ക്കണ്ടേയുടെ ഓവറിലായിരുന്നു സംഭവം. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ബാംഗ്ലൂരിനു

മോയിന്‍ അലിയെ ഓപ്പണിംഗില്‍ പരീക്ഷിച്ച് വിരാട് കോഹ്‍ലിയെ പതിവു മൂന്നാം നമ്പറില്‍ ഇറക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് ചേസിംഗിനിറങ്ങിയത്. മോയിന്‍ അലിയെ(13) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ശേഷം പാര്‍ത്ഥിവ് പട്ടേലും(31)-വിരാട് കോഹ്‍ലിയും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് നേടി മുന്നേറുകയായിരുന്നു സഖ്യത്തെ മയാംഗ് മാര്‍ക്കണ്ടേയാണ് തകര്‍ത്തത്. പാര്‍ത്ഥിവിന്റെ പുറത്താകലിനു ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം എബി ഡി വില്ലിയേഴ്സ് എത്തി.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 44 റണ്‍സ് നേടി മത്സരം മുംബൈയില്‍ നിന്ന് തട്ടിയെടുക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനെ വീഴ്ത്തി മുംബൈയ്ക്ക് പ്രതീക്ഷകള്‍ നല്‍കി. 32 പന്തില്‍ 46 റണ്‍സായിരുന്നു കോഹ്‍ലിയുടെ സംഭാവന. തന്റെ അടുത്ത ഓവറില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും പുറത്താക്കി ബുംറ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി.

അവസാന മൂന്നോവറില്‍ 40 റണ്‍സായിരുന്നു ജയിക്കുവാന്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയിരുന്നത്. പ്രതീക്ഷ മുഴുവന്‍ എബി ഡി വില്ലിയേഴ്സിന്റെ മേലും. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും ഡി വില്ലിയേഴ്സ് നേടിയപ്പോള്‍ ഓവറില്‍ 18 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

അവസാന രണ്ടോവറില്‍ 22 റണ്‍സ് നേടേണ്ട ബാംഗ്ലൂരിനു ആദ്യ കടമ്പ ജസ്പ്രീത് ബുംറയുടെ ഓവറായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ നിന്ന് ബൗണ്ടറിയൊന്നും നേടുവാന്‍ ബാംഗ്ലൂരൂവിനു സാധിക്കാതിരുന്നപ്പോള്‍ മൂന്നാം പന്തില്‍ ബുംറ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കി. ഓവറില്‍ നിന്ന് വലിയ അടികള്‍ നേടുവാന്‍ ബാംഗ്ലൂരിനു സാധിച്ചില്ല.

ബുംറ തന്റെ നാലോവറില്‍ 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. 19ാം ഓവറില്‍ വെറും അഞ്ച് റണ്‍സാണ് ബാംഗ്ലൂരിനു നേടാനായത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 17 റണ്‍സെന്ന ശ്രമകരമായ ദൗത്യമായിരുന്നു ബാംഗ്ലൂരിനു മുമ്പില്‍. ലസിത് മലിംഗ എറിഞ്ഞ ആദ്യ പന്ത് സിക്സര്‍ പറത്തി തന്റെ രണ്ടാം മത്സരത്തില്‍ മാത്രം കളിക്കുന്ന ഡുബേ വീണ്ടും മത്സരം ആര്‍സിബി പക്ഷത്തേക്ക് തിരിച്ചു.

എന്നാല്‍ അടുത്ത പന്തില്‍ ഡുബേ നല്‍കിയ അവസരം ജസ്പ്രീത് ബുംറ കൈവിട്ടപ്പോള്‍ സ്ട്രൈക്ക് വീണ്ടും എബിഡിയ്ക്കായി. എന്നാല്‍ അടുത്ത രണ്ട് പന്തില്‍ സിംഗിളുകള്‍ മാത്രമേ ആര്‍സിബിയ്ക്ക് നേടാനായുള്ളു. അവസാന രണ്ട് പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. അവസാന പന്തില്‍ ലസിത് മലിംഗ് എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതിരുന്നതും വിവാദമായി മാറി.