Featured

മാര്‍ക്രത്തിന് സെഞ്ച്വറി, സൺറൈസേഴ്സ് ഈസ്റ്റേൺ കേപിന് വിജയം, ഫൈനലില്‍ പ്രിട്ടോറിയ ക്യാപിറ്റൽസിനെ നേരിടും

എസ്എ20യിലെ രണ്ടാം സെമിയിൽ മികച്ച റൺ സ്കോറിംഗ് കണ്ട മത്സരത്തിൽ 14 റൺസ് വിജയവുമായി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്. ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിനെയാണ് ടീം പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 213/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സൂപ്പര്‍ കിംഗ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമേ നേടാനായുള്ളു. 31 റൺസായിരുന്നു അവസാന ഓവറിൽ ജയിക്കുവാന്‍ സൂപ്പര്‍ കിംഗ്സ് നേടേണ്ടിയിരുന്നത്.

58 പന്തിൽ 100 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവിലാണ് 213 റൺസെന്ന മികച്ച സ്കോര്‍ സൺറൈസേഴ്സ് നേടിയത്. ജോര്‍ദന്‍ ഹെര്‍മാന്‍ 48 റൺസ് നേടി. സൂപ്പര്‍ കിംഗ്സിന് വേണ്ടി ലിസാദ് വില്യംസ് 4 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സിന് വേണ്ടി റീസ ഹെന്‍ഡ്രിക്സ് 54 പന്തിൽ 96 റൺസ് നേടിയെങ്കിലും ടോപ് ഓര്‍ഡറിലെ മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തത് തിരിച്ചടിയായി. 14 പന്തിൽ 38 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 9 പന്തിൽ 20 റൺസ് നേടിയ ഡൊണാവന്‍ ഫെരേരയും അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 14 റൺസിന്റെ തോൽവി സൂപ്പര്‍ കിംഗ്സ് ഏറ്റുവാങ്ങി.