പൊരുതി നിന്നത് ലോറ മാത്രം, അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ വെലോസിറ്റിയെ വീഴ്ത്തി സൂപ്പര്‍നോവാസിന് കിരീടം

വനിത ടി20 ചലഞ്ച് കിരീടം സ്വന്തമാക്കി സൂപ്പര്‍നോവാസ്. ഇന്ന് നടന്ന ഫൈനലില്‍ വെലോസിറ്റിയ്ക്കെതിരെ 4 റൺസ് വിജയം ആണ് ടീം നേടിയത്. 40 പന്തിൽ 65 റൺസ് നേടിയ റൺസ് നേടിയ ലോറ വോള്‍വാര്‍ഡടിന് മറ്റു വെലോസിറ്റി താരങ്ങള്‍ക്കാര്‍ക്കും പിന്തുണ നൽകുവാന്‍ സാധിക്കാതെ പോയപ്പോള്‍ 166 റൺസ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ വെലോസിറ്റിയുടെ ഇന്നിംഗ്സ് 161/8 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

രണ്ടോവറിൽ 34 റൺസ് വേണ്ട ഘട്ടത്തിൽ സിമ്രാന്‍ ബഹാദൂറിന്റെ തകര്‍പ്പനടികള്‍ക്ക് മുന്നിൽ സൂപ്പര്‍നോവാസ് പതറിയപ്പോള്‍ 19ാം ഓവറിൽ പൂജ വസ്ട്രാക്കര്‍ 17 റൺസ് വഴങ്ങി. അവസാന ഓവറിൽ 17 റൺസായിരുന്നു വെലോസിറ്റിയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്.

അവസാന ഓവറിലെ ആദ്യ പന്തിൽ ലോറ സോഫി എക്ലെസ്റ്റോണിനെ സിക്സര്‍ പായിച്ചപ്പോള്‍ രണ്ടാം പന്തിൽ സിംഗിള്‍ നേടി ലോറ സ്ട്രൈക്ക് സിമ്രാന്‍ ബഹാദറിന് നൽകി. അടുത്ത പന്തിൽ സിമ്രാന്‍ ഒരു എൽബിഡബ്ല്യു കോള്‍ അതിജീവിച്ച്പ്പോള്‍ ലെഗ്ബൈ നേടുവാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചു. 2 റൺസ് നാലാം പന്തിൽ പിറന്നപ്പോള്‍ ലക്ഷ്യം 2 പന്തിൽ 7 റൺസായി.

അടുത്ത രണ്ട് പന്തിൽ സിംഗിളുകള്‍ മാത്രം പിറന്നപ്പോള്‍ വെലോസിറ്റി പൊരുതി വീണു. സിമ്രാന്‍‍ ബഹാദൂര്‍ 10 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്ന് ലോറയ്ക്ക് മികച്ച പിന്തുണ നൽകി.