ജോർദാനോട് ഇന്ത്യക്ക് പരാജയം

ഇന്ത്യൻ ഫുട്ബോൾ ടീമിന് നിരാശ. ഇന്ന് ജോർദാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ദോഹയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് യോഗ്യതക്ക് ആയുള്ള ഒരുക്കത്തിന് ഇത് ഒരു തിരിച്ചടിയാകും. ഇന്ന് തുടക്കം മുതൽ ജോർദാന് ചെറിയ മേധാവിത്വം ഉണ്ടായിരുന്നു. അവർ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളുകൾ പിറന്നില്ല‌. ഇന്ത്യക്ക് നല്ല തുറന്ന അവസരങ്ങൾ സൃഷ്ടിക്കാനായില്ല.

രണ്ടാം പകുതിയിൽ ആഷിക് കുരുണിയൻ കളത്തിൽ എത്തിയിട്ടും മാറ്റങ്ങൾ ഉണ്ടായില്ല. മത്സരത്തിന്റെ 76ആം മിനുട്ടിലാണ് ജോർദാൻ ലീഡ് എടുത്തത്‌.സബ്ബായി എത്തിയ മൊന്തർ അബു അമാറയാണ് ഗോൾ നേടിയത്. അവസാനം ഒരു ഗോൾ കൂടെ ജോർദാൻ നേടിയതോടെ ഇന്ത്യയുടെ പരാജയം.

ഇന്ത്യ അടുത്ത മാസം ആണ് ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടത്.