ലങ്കയ്ക്ക് മടക്കടിക്കറ്റ് നല്‍കി അഫ്ഗാനിസ്ഥാന്‍

- Advertisement -

ഏഷ്യ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ശ്രീലങ്ക പുറത്ത്. ഏഷ്യ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്ക രണ്ടാം മത്സരത്തിലും തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 249 റണ്‍സില്‍ പിടിച്ചുകെട്ടുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും 250 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 158 റണ്‍സിനു 41.2 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

36 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ടീമിന്റെ ടോപ് സ്കോറര്‍. തിസാര പെരേര(28), ധനന്‍ജയ ഡിസില്‍വ(23), ആഞ്ചലോ മാത്യൂസ്(22) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ ശ്രീലങ്കന്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍, ഗല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും  മുഹമ്മദ് നബി ഒരു വിക്കറ്റുമായി ഏഷ്യയിലെ പുതു ശക്തികളെ 91 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

Advertisement