ആവേശം അവസാന ഓവര്‍ വരെ, റെയില്‍വേസിനെതിരെ കേരളത്തിന് 7 റണ്‍സ് വിജയം

Sports Correspondent

കേരളം നല്‍കിയ 352 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ റെയില്‍വേസ് മറികടക്കുമെന്നാണ് കരുതിയതെങ്കിലും നിധീഷ് എംഡിയുടെ ഓവറില്‍ അപകടകാരിയായ ഹര്‍ഷ് ത്യാഗി – അമിത് മിശ്ര കൂട്ടുകെട്ടിനെ തകര്‍ത്ത് 344 റണ്‍സിന് റെയില്‍വേസിനെ ഓള്‍ഔട്ട് ആക്കി കേരളം 7 റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.

ഇന്ന് റെയില്‍വേസിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ ടീമിന്റെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. 20 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ റെയില്‍വേസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൃണാള്‍ ദേവ്ദര്‍(79) – അരിന്ദം ഘോഷ്(64) കൂട്ടുകെട്ടായിരുന്നു.

ഇരുവരും ചേര്‍ന്ന് 117 റണ്‍സ് മൂന്നാം വിക്കറഅറില്‍ നേടിയെങ്കിലും അരിന്ദത്തെ പുറത്താക്കി സച്ചിന്‍ ബേബി മത്സരത്തില്‍ കേരളത്തിന്റെ തിരിച്ചുവരവ് സാധ്യമാക്കി. അധികം വൈകാതെ ദിനേശ് മോറിനെയും സച്ചിന്‍ ബേബി പുറത്താക്കി. മൃണാള്‍ പുറത്താകുമ്പോള്‍ റെയില്‍വേസ് 30.3 ഓവറില്‍ 177/5 എന്ന നിലയിലായിരുന്നു.

പ്രധാന ബാറ്റ്സ്മാന്മാരെല്ലാം പുറത്തായെങ്കിലും പരാജയം സമ്മതിക്കാതെ റെയില്‍വേസ് പൊരുതുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. സൗരഭ് സിംഗ്(50), കരണ്‍ ശര്‍മ്മ(37) എന്നിവര്‍ റെയില്‍വേസിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സൗരഭിനെ ബേസില്‍ എന്‍പി പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയെ ജലജ് സക്സേന മടക്കി. നിധീഷ് എംഡി പ്രദീപ് പോഞ്ഞാറിനെ പുറത്താക്കിയപ്പോള്‍ റെയില്‍വേസ് 285/5 എന്ന നിലയിലായിരുന്നു.

എന്നാല്‍ ഹര്‍ഷ് ത്യാഗിയും അമിത് മിശ്രയും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുവാന്‍ തുടങ്ങിയപ്പോള്‍ കേരളം തോല്‍വി വഴങ്ങുമെന്നാണ് ഏവരും കരുതിയത്. ഹര്‍ഷ് ത്യാഗി 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയപ്പോള്‍ അമിത് മിശ്ര 10 പന്തില്‍ നിന്ന് 23 റണ്‍സ് നേടി.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 11 റണ്‍സായിരുന്നു റെയില്‍വേസിന് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് നേടുവാന്‍ ടീമിന് സാധിച്ചുവെങ്കിലും മൂന്നാം പന്തില്‍ അമിത് മിശ്രയെയും അടുത്ത പന്തില്‍ ഹര്‍ഷ് ത്യാഗിയെയും(58) നഷ്ടമായതോടെ റെയില്‍വേസ് ഇന്നിംഗ്സ് 49.4 ഓവറില്‍ 344 റണ്‍സില്‍ അവസാനിക്കുകായയിരുന്നു.

കേരളത്തിനായി നിധീഷ് മൂന്നും ശ്രീശാന്ത്, എന്‍പി ബേസില്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ടൂര്‍ണ്ണമെന്റിലെ കേരളത്തിന്റെ മൂന്നാമത്തെ വിജയം ആണിത്.