പെനാൽട്ടി പാഴാക്കിയും ഇരട്ടഗോളുകൾ അടിച്ചും ഹാരി കെയിൻ, ടോട്ടൻഹാമിനെ വിറപ്പിച്ചു ഫോറസ്റ്റ് കീഴടങ്ങി

Harrykane

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ മികച്ച ഫോം തുടർന്ന് ടോട്ടൻഹാം ഹോട്‌സ്പർ. ലീഗിൽ നാലാം മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ സിറ്റി ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ടോട്ടൻഹാം ലീഗിൽ മൂന്നാം ജയം ആണ് കുറിച്ചത്. സ്വന്തം മൈതാനത്ത് ടോട്ടൻഹാമിനെ വിറപ്പിക്കുന്ന പ്രകടനം ആണ് ഫോറസ്റ്റ് പുറത്ത് എടുത്തത്. കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങൾ ലക്ഷ്യം കാണാൻ ആവാത്തത് അവർക്ക് വിനയായി. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ടോട്ടൻഹാം മുന്നിലെത്തി.

പ്രത്യാക്രമണത്തിൽ കുലുവെയെസ്കിയുടെ പാസിൽ നിന്നു ഹാരി കെയിൻ ഫോറസ്റ്റ് വല കുലുക്കി. ലീഗ് ഫുട്‌ബോളിൽ കെയിൻ നേടുന്ന 200 മത്തെ ഗോൾ ആയിരുന്നു ഇത്. തുടർന്ന് മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്ത ഫോറസ്റ്റ് നിരന്തരം ആക്രമണം അഴിച്ചു വിട്ടു. ഇടക്ക് പ്രത്യാക്രമണത്തിൽ ടോട്ടൻഹാമും ഡീൻ ഹെന്റേഴ്‌സണെ പരീക്ഷിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടൻ ടോട്ടൻഹാമിനു അനുകൂലമായി പെനാൽട്ടി ലഭിച്ചു. പെരിസിചിന്റെ ക്രോസ് സ്റ്റീവ് കുക്കിന്റെ കയ്യിൽ തട്ടിയതിനു ആണ് പെനാൽട്ടി നൽകിയത്. എന്നാൽ കെയിനിന്റെ പെനാൽട്ടി ഡീൻ ഹെന്റേഴ്‌സൺ രക്ഷിച്ചു. സ്വന്തം മൈതാനത്ത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഡീൻ ഹെന്റേഴ്‌സൺ പെനാൽട്ടി രക്ഷിക്കുന്നത്.

തുടർന്ന് ഫോറസ്റ്റ് മുന്നേറ്റങ്ങൾ കണ്ടെങ്കിലും ടോട്ടൻഹാം അപകടകരമായ അവസരങ്ങൾ സൃഷ്ടിച്ചു. സോണിന്റെ ഗോൾ എന്നുറപ്പിച്ച ഷോട്ട് അടക്കം നിരവധി രക്ഷപ്പെടുത്തലുകൾ നടത്തിയ ഡീൻ ഹെന്റേഴ്‌സൺ ഫോറസ്റ്റിനെ മത്സരത്തിൽ നിലനിർത്തി. ഫോറസ്റ്റിന് പക്ഷെ ലോറിസിനെ വലുതായി പരീക്ഷിക്കാനും ആയില്ല. 81 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റിച്ചാർലിസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ കെയിൻ ടോട്ടൻഹാം ജയം ഉറപ്പിച്ചു. ഈ ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായും കെയിൻ മാറി. നിലവിൽ വെയിൻ റൂണി, അലൻ ഷിയറർ എന്നിവർ മാത്രമാണ് ഗോൾ വേട്ടയിൽ കെയിന് മുന്നിലുള്ളവർ. ജയത്തോടെ ടോട്ടൻഹാം ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ മൂന്നാമത് എത്തി.