ഒരേയൊരു ബോസ്!!! അത് ജോസ്, രാജസ്ഥാന്‍ ഐപിഎൽ ഫൈനലില്‍

Josbuttlersanjusamson

ഉദ്ഘാടന സീസണിന് ശേഷം ആദ്യമായി ഐപിഎൽ ഫൈനലില്‍ എത്തി രാജസ്ഥാന്‍ റോയൽസ്. ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ റോയൽസിന്റെ ഈ ഫൈനൽ പ്രവേശനം. 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂര്‍ നൽകിയ ലക്ഷ്യമായ 158 റൺസ്  രാജസ്ഥാന്‍ മറികടന്നപ്പോള്‍ ബാംഗ്ലൂരിന്റെ കപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു. 59 പന്തിൽ തന്റെ ശതകം പൂര്‍ത്തിയാക്കിയ ബട്‍ലര്‍ ഈ സീസണിലെ തന്റെ നാലാമത്തെ ശതകം പൂര്‍ത്തിയാക്കി.

Joshhazlewoodjaiswal

മികച്ച രീതിയിലാണ് രാജസ്ഥാന്‍ തങ്ങളുടെ ചേസിംഗ് തുടങ്ങിയത്. 5.1 ഓവറിൽ ജൈസ്വാലിനെ നഷ്ടമാകുമ്പോള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 61 റൺസായിരുന്നു നേടിയത്. 13 പന്തിൽ 21 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്. ജോസ് ബട്‍ലര്‍ക്ക് കൂട്ടായി എത്തിയ സഞ്ജു സാംസൺ കരുതലോടെയാണ് തുടങ്ങിയതെങ്കിലും ജോസ് ബട്‍ലര്‍ തന്റെ ബാറ്റിംഗ് ഫോം തുടര്‍ന്ന് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി മുന്നേറി.

Buttlerjaiswal

സാംസണും ചില ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ 9.1 ഓവറിൽ രാജസ്ഥാന്‍ നൂറ് കടന്നു. ഇതിന് ശേഷം ഹര്‍ഷൽ പട്ടേൽ എറിഞ്ഞ 11ാം ഓവറിൽ ജോസ് ബട്‍ലര്‍ നൽകിയ അവസരം ദിനേശ് കാര്‍ത്തിക് കൈവിട്ടതും ബാംഗ്ലൂരിന് തിരിച്ചടിയായി.

വനിന്‍ഡു ഹസരംഗ വീണ്ടും സഞ്ജുവിനെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന് തങ്ങളുടെ രണ്ടാം വിക്കറ്റ് നഷ്ടമായി. 23 റൺസായിരുന്നു താരം നേടിയത്. സഞ്ജുവും ബട്‍ലറും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 52 റൺസാണ് നേടിയത്.

ജോസ് പിന്നെയും ബൗണ്ടറികള്‍ കണ്ടെത്തി ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ലക്ഷ്യം പത്ത് റൺസ് അകലെയുള്ളപ്പോള്‍ ദേവ്ദത്ത് പടിക്കലിനെ(9) രാജസ്ഥാന് നഷ്ടമായി. ജോഷ് ഹാസൽവുഡ് ആണ് വിക്കറ്റ് നേടിയത്. ഹര്‍ഷൽ പട്ടേലിനെ സിക്സര്‍ പറത്തി ജോസ് ബട്‍ലര്‍ 60 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നാണ് രാജസ്ഥാന്റെ വിജയം ഒരുക്കിയത്.

പത്ത് ഫോറും 6 സിക്സുകളും ജോസ് ബട്‍ലര്‍ നേടിയപ്പോള്‍ രാജസ്ഥാന്‍ ആകെ നേടിയത് പത്ത് സിക്സുകളായിരുന്നു.