സന്തോഷ് ട്രോഫി അവസരം നഷ്ടപ്പെട്ടത് എങ്ങനെ? രാഹുൽ രാജു | അഭിമുഖം

midlaj

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി ചാമ്പ്യന്മാർ ആയപ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന മൂന്ന് താരങ്ങൾ ആ സ്ക്വാഡിൽ ഉണ്ടായിരുന്നു. രാഹുൽ രാജു, ഷിഗിൽ, ഷാരോൺ. 7 ഗോളുകൾ അടിച്ച് ലീഗിലെ ടോപ് സ്കോറർ ആയ രാഹുൽ രാജുവിന്റെ പേര് മലയാളി ഫുട്ബോൾ പ്രേമികളുടെ മനസ്സിലേക്ക് എത്തുന്നത് ഡെവലപ്മെന്റ് ലീഗോടെയാണ്. തിരുവനന്തപുരം പൂവാർ സ്വദേശിയായ രാഹുൽ രാജു എന്ന 18കാരൻ എസ് എഫ് ബി എ പൂവാർ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ചേട്ടനും ഫുട്ബോൾ താരവുമായ ഗ്രേഷ്യസ് രാജുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എസ് എഫ് ബി അക്കാദമിയിൽ രാഹുൽ രാജു എത്തുന്നത്. അവിടെ നിന്ന് പരിശീലകൻ സീസന്റെ കീഴിൽ കേരളം പ്രതീക്ഷ വെക്കുന്ന മികച്ച യുവതാരങ്ങളിൽ ഒരാളായി രാഹുൽ വളർന്നു. രാജുവിന്റെയും ശീലയുടെയും മകനായ രാഹുൽ രാജു തന്റെ ഇതുവരെയുള്ള യാത്രയെ കുറിച്ചും ഇനി മുന്നോട്ടുള്ള ലക്ഷ്യങ്ങളെ കുറിച്ചും ഫാൻപോർട്ടിനോട് സംസാരിച്ചു.
Img 20220527 165357

  • ഡെവലപ്മെന്റ് ലീഗിലെ പ്രകടനം രാഹുലിനെ മലയാളി ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ പരിചിതനാക്കിയിട്ടുണ്ട്. എസ് ബി എഫ് എ പൂവാറിൽ നിന്നാണ് ബെംഗളൂരുവിലേക്ക് എത്തുന്നത്‌. എങ്ങനെയാണ് എസ് ബി എഫ് എയുടെ ഭാഗമാകുന്നത്. എങ്ങനെയാണ് ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്?

ഞാൻ മലയാളികൾക്ക് ഇടയിൽ അറിയപ്പെടാൻ കാരണമാകുന്ന ഡെവലപ്മെന്റ് ലീഗ് തന്നെയാണ്. ഞാൻ എസ് ബി എഫ് എയിൽ എത്തുന്നത് ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്. എന്റെ ചേട്ടൻ (ഗ്രേഷ്യസ് രാജു) ഒരു ഫുട്ബോൾ പ്ലയർ ആയിരുന്നു. ചേട്ടൻ സ്റ്റേറ്റും നാഷണൽസും കളിച്ചിട്ടുണ്ട്. നാട്ടിലെ പല താരങ്ങളും എസ് ബി എഫ് എയിൽ കളിച്ച് ആണ് വളർന്നത്. എസ് ബി എഫ് എയിൽ ചേരാൻ പ്രചോദനം ചേട്ടനും നാട്ടിലെ സീനിയർ താരങ്ങളുമാണ്. ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നതിന്റെ കാരണം എസ് ബി എഫ് എ ആണ്. അവിടുത്തെ പരിശീലകരും സീനിയേഴ്സും വഴിയാണ് ഞാൻ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്.

ഫുട്ബോൾ കരിയർ സ്റ്റാർട്ട് ചെയ്യുന്നതും എളുപ്പമായിരുന്നില്ല. ഫുട്ബോൾ കളിക്കാൻ പോയത് ചേട്ടന്റെ പഠിത്തം പ്രശ്നത്തിൽ ആക്കിയിരുന്നു. അതുകൊണ്ട് തന്റെ പഠിപ്പും ഫുട്ബോൾ കാരണം പ്രശ്നമാകും എന്ന് കരുതി വീട്ടുകാര് എന്നെ പരിശീലനത്തിന് അയച്ചിരുന്നില്ല. വീട്ടുകാര് അറിയാതെ ആണ് അപ്പോൾ പരിശീലനം നടത്തിയത്. സ്കൂളിൽ നടക്കുന്ന ഫുട്ബോൾ ക്യാമ്പിൽ ഒക്കെ വീട്ടുകാർ അറിയാതെ ആണ് ഒരു സമയത്ത് പരിശീലനം നടത്തിയത്.

  • ബെംഗളൂരു എഫ് സിയിലേക്ക് എത്തുന്നത് എങ്ങനെ?

ജാർഖണ്ഡ് സൈൽ അക്കാദമിയിൽ ആയിരുന്നപ്പോൾ ഞാൻ കേരളത്തിനു വേണ്ടി ജൂനിയർ നാഷണൽസ് കളിച്ചിരുന്നു. അതിനു മുമ്പ് സംസ്ഥാന ഫുട്ബോളിൽ തിരുവനന്തപുരത്തെ ജൂനിയർ റണ്ണേഴ്സ് ആക്കുന്നതിൽ സഹായിക്കാനായിരുന്നു. അന്ന് എനിക്ക് ടോപ് സ്കോറർ ആവാനായി. അന്ന് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഞാൻ. അതിനു ശേഷമാണ് നാഷണൽ കളിക്കുന്നത് മേഘാലയിൽ വെച്ച്. അവിടെ വെച്ച് ബെംഗളൂരു എന്നെ സ്കൗട്ട് ചെയ്തിരുന്നു. അതിനു ശേഷം കുറച്ച് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിലും ഗോകുലം കേരളയിലും അവസരം നോക്കി എങ്കിലും അപ്പോൾ കൊറോണ ആയത് കൊണ്ട് അവർ ടീമിലേക്ക് താരങ്ങളെ എടുക്കുന്നുണ്ടായിരുന്നില്ല. അപ്പോഴൊക്കെ ക്ലബിലെ കോച്ചായ സീസൻ സാറായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. അദ്ദേഹം ബെംഗളൂരു എഫ് സിയിൽ അവസരം വന്നപ്പോൾ എന്നെ ആത്മവിശ്വാസം തന്ന് അയച്ചു.

ബെംഗളൂരു എഫ് സിയിൽ ട്രയൽസ് അറ്റന്റ് ചെയ്തു അവിടെ ഒരാഴ്ച ട്രയൽസ് നടത്തി. അവിടെ അതിനു ശേഷം ബി എഫ് സി അണ്ടർ 18 ടീമിൽ അവസരം കിട്ടി. അവിടെ ആദ്യം നാലു മാസത്തെ കരാറാണ് നൽകിയത്. പിന്നീട് നല്ല പെർഫോമൻസ് ചെയ്യുക ആണെങ്കിൽ റിസേർവ് ടീമിൽ കരാർ നൽകാം എന്ന് പറഞ്ഞു. അങ്ങനെ ആണ് റിസേർവ്സ് ടീമിൽ എത്തിയത്.

സികെ വിനീതും റിനോയും കളിച്ചത് കൊണ്ട് മലയാളികൾക്ക് ഏറെ ബന്ധപ്പെടുത്താൻ പറ്റുന്ന ക്ലബാണ് ബെംഗളൂരു എഫ് സി. ഇപ്പോൾ ആദ്യ ഇലവനിൽ ആഷിഖും ലിയോണും ഒക്കെയുണ്ട്‌ റിസേർവ്സ് ടീമിൽ ഇപ്പോൾ ഷിഗിലും ഷാരോണും രാഹുലും. ബെംഗളൂരു എഫ് സിയിലെ മലയാളി സാന്നിദ്ധ്യത്തെ കുറിച്ച്?

വിനീതേട്ടനും റിനോയേട്ടനും ആഷിഖ് ചേട്ടനും ലിയോൺ ചേട്ടനും ഇവരൊക്കെ അവരുടേതായ പെർഫോർമൻസ് കാഴ്ച വെച്ചത് കൊണ്ടാണ് ഒരോ മലയാളിക്കും അഭിമാനിക്കുന്ന താരങ്ങളായി നിൽക്കുന്നത്. മലയാളികൾക്ക് ഒരു വാശിയുണ്ട് എന്നാണ് ഞാൻ കരുതുന്നത്. മലയാളി താരങ്ങൾക്ക് വിജയിക്കണം നല്ല രീതിയിൽ പെർഫോം ചെയ്യണം എന്ന വാശി കൂടുതലായാണ് തോന്നിയത്.

Img 20220527 170108

ഇപ്പോൾ റിസേർവ്സ് ടീമിൽ ഞാനും ഷിഗിലും ഷാരോൺ ചേട്ടനും ഉണ്ട്. ഞങ്ങൾ ബെഞ്ചിൽ ഇരുന്നാൽ പോലും കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ആദ്യ ഇലവനിൽ എത്തണം എന്ന ആഗ്രഹം ആണ് ആദ്യ ഇലവനിൽ ഞങ്ങളെ നിർത്തുന്നത്. ഡെവലപ്മെന്റ് ലീഗിൽ ആദ്യ മത്സരത്തിൽ ഞാൻ ബെഞ്ചിൽ ആയിരുന്നു. അവസാനം ആയിരുന്നു ചാൻസ് കിട്ടിയത്. ആ അവസരം മുതലാക്കിയാണ് ആദ്യ ഇലവനിലേക്ക് കയറിയത്. എനിക്കും വിനീതിനെയും റിനോയെയും ആഷിഖിനെയും ലിയോണിനെയും പോലെ ബെംഗളൂരു സീനിയർ ടീമിനെ പ്രതിനിധീകരിക്കാൻ ആണ് ആഗ്രഹം. അതിനായി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു‌.

  • ഇനിയും രണ്ട് വർഷത്തെ കരാർ ഉണ്ട്. സീനിയർ ടീമിൽ എത്തുക ഐ എസ് എൽ കളിക്കുക എന്ന ലക്ഷ്യങ്ങൾ?

തീർച്ചയായും, സീനിയർ ടീമിൽ കളിക്കുക തന്നെയാണ് എന്റെ സ്വപ്നം. ഇനിയും ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. പ്രീസീസൺ തുടങ്ങാൻ ആയി. സീനിയർ സ്ക്വാഡിലേക്ക് വിളിക്കും എന്ന് തന്നെയാണ് ആണ് പ്രതീക്ഷ. അതുവഴി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ച് ഐ എസ് ൽ സ്ക്വാഡിൽ എത്തുകയും ഐ എസ് എൽ കളിക്കലും ആണ് ലക്ഷ്യം. അതിനു വേണ്ടി എന്റെ എല്ലാം കൊടുക്കാൻ താൻ തയ്യാറാണ്‌. അതിനുവേണ്ടി നല്ല രീതിയിൽ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.

    Img 20220527 165336

    • സന്തോഷ് ട്രോഫി ക്യാമ്പിൽ ഉണ്ടായിരുന്നു എങ്കിലും ഫൈനൽ റൗണ്ടിനായുള്ള സ്ക്വാഡിൽ രാഹുൽ എത്തിയില്ല. ഇതിൽ നിരാശ ഉണ്ടായിരുന്നോ?

    കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിക്കാൻ ആവാതിരുന്നത് നിർഭാഗ്യവശാൽ ആണ്. തനിക്ക് 18 വയസ്സ് ആകാത്തതിനാൽ നേരത്തെ വാക്സിൻ എടുക്കാൻ ആയിരുന്നില്ല. ആദ്യ വാക്സിൻ എടുത്ത സമയത്ത് ആയിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. രണ്ടാം വാക്സിൻ ഉടൻ തന്നെ എടുക്കാൻ ആകുമായിരുന്നില്ല. രണ്ട് വാക്സിൻ നിർബന്ധം ആയത് കൊണ്ട് മാത്രമാണ് ആ അവസരം നഷ്ടമായത്. തന്റെ ക്യാമ്പിലെ പ്രകടനത്തിൽ ബിനോ കോച്ച് ഹാപ്പി ആയിരുന്നു. അദ്ദേഹം ഫൈനൽ റൗണ്ടിനു മുമ്പും തന്നെ വിളിച്ചിരുന്നു. എന്നാൽ ആ സമയത്ത് ബെംഗളൂരു എഫ് സി റിസേർവ്സ് സ്ക്വാഡിൽ ഒരുപാട് പേർക്ക് പരിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഡെവലപ്മെന്റ് ലീഗ് കളിക്കേണ്ടത് കൊണ്ട് ക്ലബ് തന്നെ വിട്ടില്ല.

    സന്തോഷ് ട്രോഫി ടീമിൽ ഇടം ഇല്ലാത്തതിൽ സങ്കടം ഉണ്ടെന്ന് പറയാൻ ആകില്ല. ഞാൻ ക്യാമ്പിൽ നന്നായി കളിച്ചിട്ടുണ്ട്. കളി മോശമയാത് കൊണ്ടല്ല താൻ ടീമിൽ ഇല്ലാതിരുന്നത്. മറിച്ച് ഒരു നിർഭാഗ്യം കൊണ്ടാണ്. എന്നാൽ അതേ സമയത്താണ് ഡെവലപ്മെന്റ് ലീഗ് നടന്നത്. അവിടെ ടോപ് സ്കോറർ ആയി. സന്തോഷ് ട്രോഫിക്ക് പോയിരുന്നെങ്കിൽ ഇങ്ങനെയൊരു അവസരം കിട്ടില്ലായിരുന്നു. ഇംഗ്ലണ്ടിലേക്ക് പോയി കളിക്കാൻ ക്ലബ് യോഗ്യത നേടി. സന്തോഷ് ട്രോഫി കളിച്ചിരുന്നു എങ്കിൽ ഞാൻ ചിലപ്പോൾ ഇങ്ങനെ അറിയപ്പെടുകയോ ഒരു അഭുമുഖം നൽകുകയോ ചെയ്യുമായിരുന്നില്ല. എല്ലാം ദൈവത്തിന്റെ കയ്യിലായിരുന്നു എന്നേ പറയാനുള്ളൂ. ഡെവലപ്മെന്റ് ലീഗിൽ ടോപ് സ്കോറർ ആകാനും ചാമ്പ്യന്മാരാകാൻ ആയതിലും നല്ല സന്തോഷം ഉണ്ട്‌. എങ്കിലും സന്തോഷ് ട്രോഫി ചാമ്പ്യൻ ടീമിന്റെ ഭാഗമാകാത്തതിൽ ചെറിയ സങ്കടവുമുണ്ട്.