ദക്ഷിണാഫ്രിക്കയുടെ കഥ കഴിച്ച് ജോഫ്ര ആര്‍ച്ചര്‍

- Advertisement -

311 റണ്‍സിനു ഇംഗ്ലണ്ടിനെ ചെറുത്ത് നിര്‍ത്താനായെങ്കിലും ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ അടിപതറി ദക്ഷിണാഫ്രിക്ക. 39.5 ഓവറില്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കി 104 റണ്‍സിന്റെ ആധികാരിക വിജയത്തോടെ കിരീടത്തിലേക്കുള്ള കുതിപ്പിന്റെ ആദ്യ പടി വയ്ക്കുകയായിരുന്നു ഇന്ന്. ജോഫ്ര ആര്‍ച്ചറുടെ പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ച ദക്ഷിണാഫ്രിക്കയെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇംഗ്ലണ്ട് വരിഞ്ഞ് മുറുക്കിയത്.

ഇന്ന് നടന്ന 2019 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവില്‍ 311 റണ്‍സാണ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബെന്‍ സ്റ്റോക്സ് 89 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജേസണ്‍ റോയ്(54), ജോ റൂട്ട്(51), ഓയിന്‍ മോര്‍ഗന്‍(57) എന്നിവരും മികച്ച പിന്തുണ നല്‍കിയാണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിനു കനത്ത പ്രഹരമാണ് ജോഫ്ര ആര്‍ച്ചര്‍ നല്‍കിയത്. നാലാം ഓവറിന്റെ അഞ്ചാം പന്തില്‍ ജോഫ്ര ഹഷിം അംലയുടെ ഹെല്‍മറ്റില്‍ പന്തെറിഞ്ഞ് കയറ്റിയപ്പോള്‍ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. പിന്നീട് എയ്ഡന്‍ മാര്‍ക്രത്തെയും(11) ഫാഫ് ഡു പ്ലെസിയെയും(5) ഓവറുകളുടെ വ്യത്യാസത്തില്‍ ജോഫ്ര വീഴ്ത്തുകയായിരുന്നു.

44/2 എന്ന നിലയില്‍ നിന്ന് 85 റണ്‍സ് കൂട്ടുകെട്ടുമായി ക്വിന്റണ്‍ ഡി കോക്കും റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ദക്ഷിണാഫ്രിക്കയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് 68 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ലിയാം പ്ലങ്കറ്റ് പുറത്താക്കിയത്. തന്റെ അടുത്ത സ്പെല്ലിനു മടങ്ങിയെത്തിയ ജോഫ്ര 50 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശ്രമകരമായി.

പിന്നീട് 24 റണ്‍സുമായി ആന്‍ഡിലെ ഫെഹ്ലുക്വായോ പൊരുതിയെങ്കിലും താരത്തിനും അധിക സമയം ക്രീസില്‍ നില്‍ക്കാനായില്ല. ക്യാച്ച് ഓഫ് ദി ടൂര്‍ണ്ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനവുമായാണ് ബെന്‍ സ്റ്റോക്സ് ഫെഹ്ലുക്വായോയുടെ വിക്കറ്റ് ആദില്‍ റഷീദിനു നേടിക്കൊടുത്തത്. ക്രീസിലേക്ക് വീണ്ടും മടങ്ങിയെത്തിയ അംലയ്ക്ക് 13 റണ്‍സേ നേടാനായുള്ളു.

പിന്നീട് നിമിഷങ്ങള്‍ക്കകം ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ ചുരുട്ടിക്കൂട്ടുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു. ജോഫ്ര തന്റെ ഏഴോവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

 

Advertisement