ഇന്ത്യയെ വിറപ്പിച്ച് മുഹമ്മദ് സൈഫുദ്ദീന്‍, രക്ഷകനായി വീണ്ടും ജസ്പ്രീത് ബുംറ, ഇന്ത്യ സെമിയില്‍ ബംഗ്ലാദേശ് പുറത്ത്

ഷാക്കിബ് അല്‍ ഹസന് പിന്തുണ നല്‍കുവാന്‍ ടോപ് ഓര്‍ഡറിലെ താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ ഇന്ത്യയുടെ 314/9 എന്ന സ്കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിന് 28 റണ്‍സിന്റെ തോല്‍വി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയുടെ സ്കോര്‍ ചേസ് ചെയ്യുവാനിറങ്ങിയ ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റുകളാണ് മത്സരം കൈവിടാതിരിക്കുവാന്‍ ഇന്ത്യയെ സഹായിച്ചത്. വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോളും പ്രതീക്ഷ കൈവിടാതെ ബംഗ്ലാദേശ് വാലറ്റം ബാറ്റ് ചെയ്യുന്ന കാഴ്ചയാണ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ കണ്ടത്.

ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റുവാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഷാക്കിബ് 66 റണ്‍സ് നേടി ഹാര്‍ദ്ദിക്കിന് വിക്കറ്റ് നല്‍കി 34ാം ഓവറില്‍ മടങ്ങുകയായിരുന്നു. ഷാക്കിബിന്റെ ഉള്‍പ്പെടെ 3 വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ഇന്ത്യന്‍ നിരയിലെ നിര്‍ണ്ണായക ബൗളിഗ് പ്രകടനം പുറത്തെടുത്തത്.

തമീം ഇക്ബാല്‍(22), സൗമ്യ സര്‍ക്കാര്‍(33), മുഷ്ഫിക്കുര്‍ റഹിം(24), ലിറ്റണ്‍ ദാസ്(22) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. എന്നാല്‍ ഷാക്കിബ് അല്‍ ഹസന്‍ പുറത്തായ ശേഷം 66 റണ്‍സ് കൂട്ടുകെട്ടുമായി സബ്ബീര്‍ റഹ്മാനും മുഹമ്മദ് സൈഫുദ്ദീനും ഇന്ത്യന്‍ ക്യാമ്പിനെ ഭീതിയിലാഴ്ത്തുകയായിരുന്നു. ജസ്പ്രീത് ബുംറ 36 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനെയും ഭുവനേശ്വര്‍ കുമാര്‍ മഷ്ഫറെ മൊര്‍തസയെയും പുറത്താക്കിയപ്പോള്‍ മുഹമ്മദ് സൈഫുദ്ദീന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നു.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ ബംഗ്ലാദേശിന് 2 വിക്കറ്റ് കൈവശമിരിക്കെ 36 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നിന്ന് 7 റണ്‍സ് ബംഗ്ലാദേശ് നേടിയെങ്കിലും റൂബല്‍ ഹൊസൈനെ ടീമിന് നഷ്ടമായി. ഓവറിലെ അവസാന പന്തില്‍ മുസ്തഫിസുറിനെയും പുറത്താക്കി ബുംറ ഇന്ത്യയെ സെമിയിലേക്ക് എത്തിച്ചു. ഇതിനിടെ മുഹമ്മദ് സൈഫുദ്ദീന്‍ 37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയിരുന്നു. 51 റണ്‍സുമായി സൈഫുദ്ദീന്‍ പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.

Previous articleഞെട്ടിച്ച് തുടങ്ങിയ ഹാരിസിനെ പാഠം പഠിപ്പിച്ച് ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ
Next articleവീണ്ടും കോഹ്‍ലിയുടെ തുണയ്ക്കെത്തി വിശ്വസ്തന്‍ ജസ്പീത് ബുംറ