വീണ്ടും കോഹ്‍ലിയുടെ തുണയ്ക്കെത്തി വിശ്വസ്തന്‍ ജസ്പീത് ബുംറ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ നേടിയ 314 റണ്‍സിന്റെ അടുത്ത് പോലും ബംഗ്ലാദേശ് എത്തില്ലെന്ന സ്ഥിതിയിലേക്ക് ബംഗ്ലാ കടുവകള്‍ ഒരു സമയത്ത് വീണ് പോയിരുന്നു. ടീമിന്റെ പ്രതീക്ഷയായ ഷാക്കിബ് അല്‍ ഹസന്‍ പുറത്താകുമ്പോള്‍ ടീമിന്റെ സ്കോര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് മാത്രമായിരുന്നു. പിന്നീട് സബ്ബീര്‍ റഹ്മാനും സൈഫുദ്ദീനും ചേര്‍ന്ന് യഥേഷ്ടം സ്കോറിംഗ് തുടര്‍ന്നപ്പോള്‍ കോഹ്‍ലി തന്റെ വിശ്വസ്തനായ ബൗളറെയാണ് ഉറ്റുനോക്കിയത്.

പ്രതീക്ഷിച്ച പോലെ സബ്ബീര്‍ റഹ്മാനെ(36) വീഴ്ത്തി കോഹ്‍ലിയ്ക്ക് ആദ്യ ആശ്വാസം ബുംറ നല്‍കുകയായിരുന്നു. നേരത്തെ മൊസ്ദേക്കിനെ പുറത്താക്കിയ ബുംറയുടെ രണ്ടാം വിക്കറ്റായിരുന്നു ഇത്. എന്നാല്‍ സൈഫുദ്ദീന്‍ മറുവശത്ത് ഷമിയുള്‍പ്പെടെയുള്ള ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ലക്ഷ്യം ബംഗ്ലാദേശിന് കൈയ്യെത്തും ദൂരത്തേക്ക് അടുക്കുകയായിരുന്നു. ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ട് നല്‍കുന്ന പതിവ് ശൈലി മുഹമ്മദ് ഷമി ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരക്കുകയായിരുന്നു.

മത്സരം അവസാന മൂന്നാവോറിലേക്ക് കടന്നപ്പോള്‍ 36 റണ്‍സായിരുന്നു ബംഗ്ലാദേശ് വിജയത്തിനായി നേടേണ്ടിയിരുന്നത്. സൈഫുദ്ദീന്‍ ക്രീസില്‍ നില്‍ക്കവെ ബുംറയ്ക്ക് തന്റെ അവസാന ഓവര്‍ നല്‍കുവാന്‍ കോഹ്‍ലി തീരുമാനിക്കുകയായിരുന്നു. ആദ്യ നാല് പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ ബംഗ്ലാദേശിന് എന്നാല്‍ ബുംറയുടെ സ്പെല്ലിലെ അവസാന രണ്ട് പന്തുകള്‍ അതിജീവിക്കുവാന്‍ സാധിച്ചില്ല.

അഞ്ചാം പന്തില്‍ റൂബല്‍ ഹൊസൈന്റെ കുറ്റിതെറിപ്പിച്ച ബുംറ അടുത്ത പന്തില്‍ മുസ്തഫിസുറിനെ പുറത്താക്കിയപ്പോള്‍ ഇന്ത്യ 28 റണ്‍സിന്റെ വിജയം പിടിച്ചെടുത്തു. രണ്ട് ഓവര്‍ അവശേഷിക്കെയാണ് മറുവശത്ത് സൈഫുദ്ദീന്‍ കാഴ്ചക്കാരനായി നില്‍ക്കവെ ബുംറയുടെ ഈ വിജയ പിടിച്ചെടുത്ത പ്രകടനം എന്നത് ഇന്ത്യയ്ക്ക് തെല്ല് ആശ്വാസമല്ല നല്‍കുന്നത്. തന്റെ പത്തോവറില്‍ 55 റണ്‍സ് വിട്ട് നല്‍കിയാണ് ബുംറ നാല് വിക്കറ്റ് നേടിയത്.