ഫിയറന്റീനയുടെ തിരിച്ചു വരവ് അതിജീവിച്ചു, 95 മത്തെ മിനിറ്റിലെ ഗോളിൽ 7 ഗോൾ ത്രില്ലർ ജയിച്ചു ഇന്റർ മിലാൻ

Screenshot 20221023 085825 01

ഇറ്റാലിയൻ സീരി എയിൽ ഫുട്‌ബോളിന്റെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ ജയം കണ്ടു ഇന്റർ മിലാൻ. ഫിയറന്റീനയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്റർ മറികടന്നത്. ജയത്തോടെ ഇന്റർ ലീഗിൽ ഏഴാമത് എത്തിയപ്പോൾ ഫിയറന്റീന 11 സ്ഥാനത്ത് ആണ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ലൗടാരോ മാർട്ടിനസിന്റെ പാസിൽ നിന്നു നികോള ബരേല്ല ഇന്ററിന് മുൻതൂക്കം നൽകി. 15 മത്തെ മിനിറ്റിൽ മികച്ച സോളോ ഗോളിലൂടെ മാർട്ടിനസ് ഇന്ററിന് രണ്ടാം ഗോളും സമ്മാനിച്ചു.

33 മത്തെ മിനിറ്റിൽ വാർ ഫിയറന്റീനക്ക് പെനാൽട്ടി അനുവദിച്ചു. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട ആർതർ കാബ്രാൽ ഫിയറന്റീനക്ക് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ ക്രിസ്റ്റിയൻ കൗയാമയുടെ പാസിൽ നിന്നു മികച്ച ഓട്ടത്തിലൂടെ പിടിച്ചെടുത്ത പന്ത് അതുഗ്രൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ട ജോനാഥൻ ഇകോൻ ഫിയറന്റീനക്ക് സമനില നൽകുക ആയിരുന്നു. ഒമ്പതാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജോനാഥൻ അതുഗ്രൻ പ്രകടനം ആണ് ടീമിന് ആയി പുറത്ത് എടുത്തത്. 73 മത്തെ മിനിറ്റിൽ മാർട്ടിനസിനെ വീഴ്ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു.

ഇന്റർ മിലാൻ

പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട അർജന്റീന താരം മത്സരത്തിലെ തന്റെ രണ്ടാം ഗോളും ഇന്ററിന് ഒരിക്കൽ കൂടി മുൻതൂക്കവും സമ്മാനിച്ചു. എന്നാൽ 90 മത്തെ മിനിറ്റിൽ നികോള മിലൻകോവിചിന്റെ പാസിൽ നിന്നു സുന്ദരമായ ഒരു ഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ ലൂക ജോവിച് ഇന്ററിനെ വീണ്ടും ഞെട്ടിച്ചു. സമനില എന്നു ഉറപ്പിച്ച സമയത്ത് ആണ് ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ ഹെൻറിക് മികിത്യാരൻ ഇന്ററിന് അവിശ്വസനീയമായി വിജയഗോൾ സമ്മാനിക്കുന്നത്. കൗണ്ടർ അറ്റാക്കിൽ വീണു കിട്ടിയ അവസരത്തിൽ അപകടം ഒഴിവാക്കുന്നതിൽ ഫിയറന്റീന പ്രതിരോധത്തിന് പിഴച്ചപ്പോൾ മികിത്യാരൻ അവസരം മുതലെടുത്ത് ഗോൾ നേടുക ആയിരുന്നു. സീസണിൽ ഇത് വരെ സമനില വഴങ്ങിയിട്ടില്ല എന്ന റെക്കോർഡ് ഇന്നും ഇന്റർ കാത്ത് സൂക്ഷിക്കുക ആയിരുന്നു.