തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ച് ഗ്ലെന്‍ ഫിലിപ്പ്സും ആസിഫ് അലിയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സും പിന്നീട് ആസിഫ് അലിയും അടിച്ച് തകര്‍ത്തപ്പോള്‍ സൂക്ക്സ് നല്‍കിയ 159 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്ന് ജമൈക്ക തല്ലാവാസ്. ഗ്ലെന്‍ ഫിലിപ്പ്സ് 44 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ ആസിഫ് അലിയ്ക്കാണ് വിജയം കുറിയ്ക്കുവാനുള്ള അവസരം ലഭിച്ചത്. 27 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്താകാതെ നിന്ന ആസിഫ് അലിയ്ക്ക് തുണയായി 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടി കാര്‍ലോസ് ബ്രാത്‍വൈറ്റും തിളങ്ങിയപ്പോള്‍ ടീമിനെ 7 പന്ത് അവശേഷിക്കെ വിജയം നേടാനായി.

മത്സരത്തിന്റെ മൂന്നാം ഓവറില്‍ തന്നെ ചാഡ്വിക് വാള്‍ട്ടണെ നഷ്ടമായ ടീമിന് അധികം വൈകാതെ നിക്കോളസ് കിര്‍ട്ടണെയും നഷ്ടമായി. 13/2 എന്ന നിലയില്‍ നിന്ന് ടീമിനെ 76/2 എന്ന നിലയിലേക്ക് എത്തിച്ച ഗ്ലെന്‍ ഫിലിപ്പ്സും ക്യാപ്റ്റന്‍ റോവ്മന്‍ പവലും ടീമിനെ കരകയറ്റുകയായിരുന്നു.

63 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മത്സരം സ്വന്തം വരുതിയിലാക്കുമെന്ന് ഗ്ലെന്‍ ഫിലിപ്പ്സും റോവ്മന്‍ പവലും തോന്നിപ്പിച്ചുവെങ്കിലും റഖീം കോണ്‍വാല്‍ ബൗളിംഗിനെത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. അധികം വൈകാതെ 29 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സിനെ ജമൈക്കയ്ക്ക് നഷ്ടമായി. പിന്നീട് ആസിഫ് അലിയും ആന്‍ഡ്രേ റസ്സലും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് പ്രതീക്ഷയായി നിന്നത്.

ആന്‍ഡ്രേ റസ്സലിനെ(16) പുറത്താക്കി കെസ്രിക് വില്യംസ് 42 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തുവെങ്കിലും ആസിഫ് അലിയും കാര്‍ലോസ് ബ്രാത്‍വൈറ്റും ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയത്.