FeaturedTennis

ഫ്രഞ്ച് ഓപ്പൺ: നിലവിലെ ചാമ്പ്യൻ കോക്കോ ഗോഫ് മൂന്നാം റൗണ്ടിൽ

Resizedimage 2026 05 29 00 08 00 1


പാരീസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ മുന്നേറി അമേരിക്കൻ താരം കോക്കോ ഗോഫ്. വനിതാ സിംഗിൾസ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഈജിപ്റ്റിന്റെ ക്വാളിഫയർ താരം മായാർ ഷെരീഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി നാലാം സീഡായ ഗോഫ് മൂന്നാം റൗണ്ടിൽ (Last 32) പ്രവേശിച്ചു. സുസെയ്ൻ ലെങ്‌ലൻ കോർട്ടിൽ നടന്ന മത്സരത്തിൽ 6-3, 6-2 എന്ന സ്കോറിനായിരുന്നു 22-കാരിയായ ഗോഫിന്റെ ആധികാരിക വിജയം. ഒരു മണിക്കൂറും 50 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ ഏഴ് തവണയാണ് ഗോഫ് എതിരാളിയുടെ സർവ്വീസ് ബ്രേക്ക് ചെയ്തത്.

മത്സരത്തിൽ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരാൻ സാധിച്ചില്ലെങ്കിലും കളിയിൽ ക്ഷമ കൈവിടാതിരുന്നതാണ് വിജയത്തിന് കാരണമായതെന്നും നിലവിലെ ചാമ്പ്യനെന്ന നിലയിൽ യാതൊരുവിധ സമ്മർദ്ദവുമില്ലാതെ കളി ആസ്വദിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മത്സരശേഷം താരം പ്രതികരിച്ചു.
ഈ വിജയത്തോടെ ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായി അഞ്ചാം വർഷവും കുറഞ്ഞത് ക്വാർട്ടർ ഫൈനൽ വരെയെങ്കിലും എത്തുക എന്ന ലക്ഷ്യത്തിലേക്ക് ഗോഫ് ഒരു പടികൂടി അടുത്തു. മൂന്നാം റൗണ്ടിൽ 28-ാം സീഡ് അനസ്തേസ്യ പൊട്ടാപ്പോവ, ബ്രിട്ടന്റെ കാറ്റി ബൗൾട്ടർ എന്നിവരിലൊരാളെയാണ് ഗോഫ് നേരിടുക.