രോഹിത്തിന്റെ ശതകത്തിന് ശേഷം ബംഗ്ലാദേശിന്റെ വിക്കറ്റ് വേട്ട, മുസ്തഫിസുറിന് 5 വിക്കറ്റ്

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 314 റണ്‍സ്. രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും ചേര്‍ന്ന് നേടിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിലാണ് 314 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 350നടുത്ത് സ്കോറിലേക്ക് ഇന്ത്യ നീങ്ങുമെന്ന് കരുതിയെങ്കിലും ബംഗ്ലാദേശ് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറില്‍ മാത്രം ഇന്ത്യയ്ക്ക് 3 വിക്കറ്റാണ് നഷ്ടമായത്.

ഒന്നാം വിക്കറ്റില്‍ 29.2 ഓവറില്‍ 180 റണ്‍സ് നേടിയ രോഹിത്-രാഹുല്‍ കൂട്ടുകെട്ടിനെ സൗമ്യ സര്‍ക്കാര്‍ ആണ് തകര്‍ത്തത്. 92 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ രോഹിത് അതിവേഗത്തില്‍ സ്കോറിംഗ് തുടങ്ങുമെന്ന ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ച സമയത്താണ് തിരിച്ചടിയായി വിക്കറ്റ് നഷ്ടമായത്.

ഓവറുകളുടെ വ്യത്യാസത്തില്‍ ലോകേഷ് രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 77 റണ്‍സാണ് രാഹുലിന്റെ സംഭാവന. പിന്നീട് വിരാട് ക്രീസിലെത്തിയ ഋഷഭ് പന്തിനോടൊപ്പം വിരാട് കോഹ്‍ലി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചുവെങ്കിലും 42 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിരാട് കോഹ്‍ലിയെ(26) മുസ്തഫിസുര്‍ റഹ്മാന്‍ പുറത്താക്കി. അതേ ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ 237/4 എന്ന നിലയിലായിരുന്നു.

48 റണ്‍സ് നേടി പന്തിനെയാണ് ഇന്ത്യയ്ക്ക് പിന്നീട് നഷ്ടമായത്. 40 റണ്‍സ് കൂട്ടുകെട്ട് ധോണിയുമായി നേടിയ താരത്തെ ഷാക്കിബ് അല്‍ ഹസന്‍ ആണ് പുറത്താക്കിയത്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 41 റണ്‍സ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റാണ് ഷാക്കിബ് സ്വന്തമാക്കിയത്. അത് ഏറെ നിര്‍ണ്ണായക ഘട്ടത്തില്‍ ഋഷഭ് പന്ത് അടിച്ച് തകര്‍ക്കുവാന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ സ്വന്തമാക്കിയതാണെന്നുള്ളതിനാല്‍ വിക്കറ്റിന്റെ മൂല്യം കൂടുന്നു.

എംഎസ് ധോണി 33 പന്തില്‍ നിന്ന് 35 റണ്‍സ് നേടി ഇന്ത്യയുടെ സ്കോര്‍ 300 കടത്തുവാന്‍ സഹായിച്ചുവെങ്കിലും അവസാന ഓവറില്‍ മുസ്തഫിസുറിന് വിക്കറ്റ് നല്‍കി മടങ്ങി.