ഏഷ്യ കപ്പ് വിജയിക്കണമെങ്കില്‍ ഓരോ മത്സരവും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം പോലെ സമീപിക്കണം: സര്‍ഫ്രാസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പില്‍ ഏറ്റവും അധികം ആളുകള്‍ വിജയം സ്വന്തമാക്കുമെന്ന് വിലയിരുത്തപ്പെട്ട ടീമാണ് പാക്കിസ്ഥാന്‍. യുഎഇയില്‍ കളിക്കുക എന്ന ഗുണത്തിനു പുറമേ അടുത്തിടെയുള്ള മികച്ച ഫോമും ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ സേവനം ഇല്ലാത്തതും പാക്കിസ്ഥാനും നേരിയ മുന്‍തൂക്കം നല്‍കുന്നു. അതേ സമയം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത് ഇന്ത്യ-പാക് പോര് പോലെ തന്നെ ടൂര്‍ണ്ണമെന്റിലെ എല്ലാ മത്സരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാല്‍ മാത്രമേ പാക്കിസ്ഥാനു ജയിക്കാനാവുള്ളുവെന്നാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ എന്നും സമ്മര്‍ദ്ദമുളവാക്കുന്നതാണ്. ഇത് വെറുമൊരു മത്സരമായി കാണുവാനല്ല ടൂര്‍ണ്ണമെന്റ് ജയിക്കണമെങ്കിലുള്ള ആദ്യ കാല്‍വെയ്പായി ഈ മത്സരത്തെ കാണണമെന്നാണ് അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്, അത് തങ്ങളെ ബാധിക്കാതെ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് പാക്കിസ്ഥാന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

പലപ്പോഴും പലരും പറയുന്നത് ഇത് പാക്കിസ്ഥാന്റെ ബൗളിംഗും ഇന്ത്യയുടെ ബാറ്റിംഗും തമ്മിലുള്ള പോരാട്ടമാണെന്നാണ്. എന്നാല്‍ തനിക്ക് ആ അഭിപ്രായമില്ലെന്ന് പറഞ്ഞ സര്‍ഫ്രാസ്, തന്റെ ടീമിന്റെ ബാറ്റിംഗ് അടുത്ത കാലത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ബൗളിംഗിനൊപ്പം ബാറ്റിംഗും മികച്ചതായതാണ് തന്റെ ടീമിന്റെ മികവിനു കാരണമെന്നും കൂട്ടിചേര്‍ത്തു.