നോർത്ത് ഈസ്റ്റിനു തിരിച്ചടി, അവ്റാം ഗ്രാന്റ് ടീം വിടുന്നു

- Advertisement -

ഐ.എസ്.എൽ സീസൺ തുടങ്ങാനിരിക്കെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തിരിച്ചടി. കഴിഞ്ഞ വർഷം ഉപദേശകനായി ടീമിൽ എത്തുകയും അവസാന മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത അവ്റാം ഗ്രാന്റ് നോർത്ത് ഈസ്റ്റ് വിടാനൊരുങ്ങുന്നു. ഗ്രാന്റ് ഗ്രീക്ക് ക്ലബായ പനത്തിനായികോസിന്റെ സി.ഇ.ഓ ആവാൻ വേണ്ടിയാണു നോർത്ത് ഈസ്റ്റ് വിടുന്നതെന്ന് ഗോൾ.കോം റിപ്പോർട്ട് ചെയ്തു.

നേരത്തെ തന്നെ സാമ്പത്തിക പ്രശ്നങ്ങളുമായി പ്രതിസന്ധിയിലായ ക്ലബിന് ഗ്രാന്റിന്റെ പിൻമാറ്റം തിരിച്ചടിയാവും. ഗ്രീക്ക് ക്ലബ്ബിന്റെ സി.ഇ.ഓ ആയി ചുമതലയേറ്റെടുത്താലും ഗ്രാന്റ് നോർത്ത് ഈസ്റ്റിന്റെ ഉപദേശകനായി തുടരും എന്നും വാർത്തകൾ ഉണ്ട്. എന്നാൽ നോർത്ത് ഈസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ ഗ്രാന്റിനാവില്ല.

ചെൽസിയുടെ മുൻ പരിശീലകനായ ഗ്രാന്റ് ചെൽസിയെ ഒരു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഘാന ദേശീയ ടീമിന്റെ പരിശീലകനായും ഗ്രാന്റ് പ്രവർത്തിച്ചിട്ടുണ്ട്.  ഒക്ടോബർ 1ന് എഫ്.സി ഗോവക്കെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഐ.എസ്.എൽ സീസണിലെ ആദ്യ മത്സരം.

 

Advertisement