ഖത്തർ ലോകകപ്പിന് എതിരെ രൂക്ഷ വിമർശനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്

Fb Img 1668372752109

ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടൂർണമെന്റിന് എതിരെ രൂക്ഷ വിമർശനവും ആയി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്. ഇന്ന് നടന്ന ലോകകപ്പിന് മുമ്പുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗിലെ അവസാന മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ ആണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത ആഴ്ച ലോകകപ്പ് തുടങ്ങുന്നു എന്നത് വിചിത്രമായി തോന്നുന്നു എന്നു പറഞ്ഞ ബ്രൂണോ ലോകകപ്പ് നടത്താൻ തിരഞ്ഞെടുത്ത സമയം വളരെ മോശമാണ് എന്നു തുറന്നു പറഞ്ഞു. തങ്ങൾ താരങ്ങൾക്കും ആരാധകർക്കും ഒന്നും നല്ല സമയം അല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ് സീസണിന് ഇടയിൽ വലിയ തയ്യാറെടുപ്പ് ഇല്ലാതെ ലോകകപ്പിന് എത്തുന്ന താരങ്ങളുടെ ബുദ്ധിമുട്ട് ബ്രൂണോ ചൂണ്ടിക്കാട്ടി.

സ്‌കൂൾ അവധിയല്ലാത്ത, ആളുകൾ ജോലിക്ക് പോവുന്ന സമയത്ത് ആണ് ടൂർണമെന്റിലെ മത്സരങ്ങളുടെ സമയക്രമം എന്നും താരം ചൂണ്ടിക്കാട്ടി. കളി കാണാൻ പറ്റിയ സമയത്ത് അല്ല ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ ക്രമീകരിച്ചത് എന്ന വിമർശനവും ബ്രൂണോ ഉന്നയിച്ചു. ലോകകപ്പിനുള്ള സ്റ്റേഡിയം നിർമാണത്തിൽ അടക്കം കഴിഞ്ഞ ആഴ്ചകളിൽ, മാസങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ മോശം സാഹചര്യങ്ങളെ കുറിച്ച് തങ്ങൾക്ക് ബോധ്യം ഉണ്ടെന്നു പറഞ്ഞ താരം ഇതിൽ തങ്ങൾ താരങ്ങൾ ഒട്ടും സന്തുഷ്ടർ അല്ലെന്നും പറഞ്ഞു. ഫുട്‌ബോൾ എല്ലാവരുടെയും ആവണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്നു പറഞ്ഞ ബ്രൂണോ എല്ലാവരും ലോകകപ്പിൽ പങ്കെടുക്കേണ്ട പങ്കു ചേരേണ്ടത് ഉണ്ട് എന്നും പറഞ്ഞു. ലോകകപ്പ് എന്നാൽ അത് ലോകത്തിന്റെ പ്രതിഫലനം തന്നെയാണ് എന്നു പറഞ്ഞ ബ്രൂണോ അത് എല്ലാവർക്കും ഉള്ളത് ആണെന്ന കാര്യം ആവർത്തിച്ചു.

ബ്രൂണോ ഫെർണാണ്ടസ്

അത് ആരു തന്നെയായാലും മാറ്റി നിർത്താൻ പാടില്ല എന്നും ബ്രൂണോ കൂട്ടിച്ചേർത്തു. ഇത്തരം മാറ്റി നിർത്തൽ ഒരുകാലത്തും ഉണ്ടാവരുത് എന്നും താരം പറഞ്ഞു. ഈ വിമർശനം കൊണ്ടു സ്വവർഗഅനുരാഗികൾക്ക് എതിരായ ഖത്തർ നിലപാട് തന്നെയാണ് താരം ചോദ്യം ചെയ്തത്. ലോകകപ്പ് ഫുട്‌ബോളിനെക്കാൾ വലുത് ആണെന്ന് ഓർമ്മിപ്പിച്ച താരം,ലോകകപ്പ് കളിക്കാരുടെ ആരാധകരുടെ വലിയ ആഘോഷം ആണെന്നും അത് വലിയ സന്തോഷം ആണ് ലോകത്തിനു പകരുക എന്നും പറഞ്ഞ താരം അത് ഇതിലും നന്നായി സംഘടിപ്പിക്കാൻ ആവുമായിരുന്നു എന്നും കൂട്ടിച്ചേർത്തു. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും പലതരം നിയന്ത്രണങ്ങളെ കുറിച്ചും വലിയ വിമർശനം പല മുൻതാരങ്ങളും ഇതിനകം തന്നെ ഉന്നയിച്ചിട്ടുണ്ട്. തന്റെ നിലപാട് ശക്തമായി വ്യക്തമാക്കി കൊണ്ടു തന്നെയാണ് ബ്രൂണോ ഫെർണാണ്ടസ് ഖത്തറിലേക്ക് പോർച്ചുഗൽ ടീമിന് ഒപ്പം ലോകകപ്പ് കളിക്കാൻ എത്തുക.