ഘാനക്ക് ഒപ്പം ലോകകപ്പ് കളിക്കാനുള്ള ക്ഷണം ഹഡ്‌സൺ-ഒഡോയി നിരസിച്ചു

ഘാന ദേശീയ ടീമിന് ആയി ലോകകപ്പ് കളിക്കാനുള്ള അവസരം യുവ ഇംഗ്ലീഷ് താരം കലം ഹഡ്‌സൺ-ഒഡോയി നിരസിച്ചു. അണ്ടർ 17 ലോകകപ്പ് ഇംഗ്ലണ്ട് ടീമിന് ഒപ്പം നേടിയിട്ടുള്ള 22 കാരനായ ഹഡ്‌സൺ-ഒഡോയി നിലവിൽ ബയേർ ലെവർകുസനിൽ ചെൽസിയിൽ നിന്നു ലോണിൽ കളിക്കുക ആണ്. ഇംഗ്ലണ്ട് ദേശീയ ടീമിന് ആയി 3 കളികളും താരം കളിച്ചിട്ടുണ്ട്. ഘാന വംശജൻ ആയ പിതാവ് മുഖേന ഘാന ദേശീയ ടീമിന് ആയി കളിക്കാൻ അർഹതയുള്ള താരം പക്ഷെ ഘാന ക്ഷണം നിരസിച്ചു.

ഇംഗ്ലണ്ട് ദേശീയ ടീമിന് ആയി കളിക്കുക എന്ന ലക്ഷ്യം ആണ് ഒരു കാലത്ത് ഭാവി സൂപ്പർ താരം എന്നു കരുതിയ ഹഡ്‌സൺ-ഒഡോയിക്ക് ഉള്ളത്. അതിനാൽ ആണ് താരം ഘാന ക്ഷണം നിരസിച്ചത്. ഇതിനകം തന്നെ ഘാന വംശജർ ആയ മറ്റു രാജ്യത്ത് ജനിച്ചു വളർന്ന ഇനാകി വില്യംസ്,തരീഖ് ലാംപ്റ്റി,സാലിസു അടക്കം യൂറോപ്പിൽ കളിക്കുന്ന പല പ്രമുഖ താരങ്ങളെയും ഘാന തങ്ങളുടെ ദേശീയ ടീമിൽ എത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ വളരെ ശക്തമായ നിരയും ആണ് ആഫ്രിക്കൻ രാജ്യം ഇത്തവണ ലോകകപ്പ് കളിക്കാൻ എത്തുന്നത്.