റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ആദ്യ തോല്‍വിയായിരുന്നു ഇത്. കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ ഓള്‍റൗണ്ട് മികവാണ് സൂപ്പര്‍ ഓവറിലും ടീമിന് തുണയായത്.

രണ്ട് സിക്സും ഒരു ഫോറും നേടിയ ബ്രാത്‍വൈറ്റിന്റെ മികവില്‍ 18 റണ്‍സാണ് സൂപ്പര്‍ ഓവറില്‍ സെയിന്റ് കിറ്റ്സ് നേടിയത്. ബൗളിംഗ് ദൗത്യവും ഏറ്റെടുത്ത ബ്രാത‍വൈറ്റ് ഓവറില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ ട്രിന്‍ബാഗോ തങ്ങളുടെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.

നേരത്തെ അവസാന പന്തില്‍ അഞ്ച് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന പാട്രിയറ്റ്സിനെ അവസാന പന്തില്‍ ബൗണ്ടറി നേടി റിയാദ് എമ്രിറ്റാണ് സ്കോറുകള്‍ ഒപ്പമെത്തിക്കുവാന്‍ സഹായിച്ചത്. ജെയിംസ് നീഷം എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ടീമിന് 18 റണ്‍സ് മാത്രമേ നേടാനായുള്ളു. 217 റണ്‍സെന്ന് വലിയ ലക്ഷ്യം തേടിയിറങ്ങിയ പാട്രിയറ്റ്സിനെ മത്സരത്തില്‍ സജീവമാക്കി നിര്‍ത്തിയത് കാര്‍ലോസ് ബ്രാത്‍വൈറ്റ് 30 പന്തില്‍ നിന്ന് നേടിയ 64 റണ്‍സും 21 പന്തില്‍ നിന്ന് എവിന്‍ ലൂയിസ് നേടിയ 45 റണ്‍സുമായിരുന്നു. ഒപ്പം ഷമാര്‍ ബ്രൂക്ക്സ്(20), റയാദ് എമ്രിറ്റ്(11 പന്തില്‍ 21*) എന്നിവരും തിളങ്ങി. ട്രിന്‍ബാഗോയ്ക്ക് വേണ്ടി ആന്‍ഡേഴ്സണ്‍ ഫിലിപ്പ് മൂന്നും അലി ഖാന്‍ രണ്ടും വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ 45 പന്തില്‍ നിന്ന് 90 റണ്‍സ് നേടി ലെന്‍ഡല്‍ സിമ്മണ്‍സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോളിന്‍ മണ്‍റോ(28), ഡാരെന്‍ ബ്രാവോ(24*), ജെയിംസ് നീഷം(22*) എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍ മികച്ച സ്കോറായ 216ലേക്ക് ടീം എത്തി. പാട്രിയറ്റ്സിന് വേണ്ടി ബ്രാത്‍വൈറ്റ് രണ്ട് വിക്കറ്റ് നേടി.