ട്രെന്റ്ബ്രിഡ്ജില്‍ വാര്‍ണര്‍ ഷോ, അര്‍ദ്ധ ശതകങ്ങളുമായി ഖവാജയും ഫിഞ്ചും, ഒരോവര്‍ അവശേഷിക്കെ കളി തടസ്സപ്പെടുത്തി മഴ

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ട്രെന്റ് ബ്രിഡ്ജില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് അവസാനിക്കുവാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ കളി തടസ്സപ്പെടുത്തി മഴ. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തീരുമാനിച്ച ഓസ്ട്രേലിയ 49 ഓവറില്‍ നിന്ന് 368 റണ്‍സാണ് നേടിയത്.  5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും കരുതലോടെ തുടങ്ങി ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് നേടിയത്. പാര്‍ട്ട് ടൈം ബൗളറായി എത്തിയ സൗമ്യ സര്‍ക്കാരാണ് 53 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ നായകനെ പുറത്താക്കിയത്.

പിന്നീട് മത്സരത്തില്‍ ഏകപക്ഷീയമായ ബാറ്റിംഗാണ് വാര്‍ണറും ഖവാജയും പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 191 റണ്‍സാണ് നേടിയത്. 147 പന്തില്‍ നിന്ന് 166 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. 14 ഫോറും 5 സിക്സുമാണ് വാര്‍ണര്‍ ഇന്ന് നേടിയത്.  സൗമ്യ സര്‍ക്കാരിനാണ് ഈ വിക്കറ്റും ലഭിച്ചത്.

വാര്‍ണര്‍ പുറത്തായ ശേഷം മാക്സ്വെല്ലിന്റെ തകര്‍പ്പനടികള്‍ കൂടിയായപ്പോള്‍ ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച 350 റണ്‍സ് ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. 10 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ മാക്സ്വെല്‍ റണ്ണൗട്ടായി പുറത്താകുകയായിരുന്നു. അതേ ഓവറില്‍ തന്നെ ഖവാജയെ പുറത്താക്കി സൗമ്യ സര്‍ക്കാര്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. 72 പന്തില്‍ നിന്ന് 89 റണ്‍സാണ് ഖവാജ നേടിയത്.