CricketFeatured

ബിഷ്ണോയിയുടെ മികച്ച സ്പെൽ!!! ഇന്ത്യയ്ക്കെതിരെ 115 റൺസിലൊതുങ്ങി സിംബാബ്‍വേ

ഇന്ത്യയും സിംബാബ്‍വേയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ നേടിയത് 115 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ സിംബാബ്‍വേ നേടിയത്. 4 വിക്കറ്റുമായി രവി ബിഷ്ണോയി ആണ് ഇന്ത്യന്‍ ബൗളിംഗിൽ തിളങ്ങിയത്. 25 പന്തിൽ 29 റൺസ് നേടിയ ക്ലൈവ് മദാന്‍ഡേ ആണ് ആതിഥേയരെ നൂറ് കടത്തിയത്.

ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ രണ്ടാം ഓവറിൽ ഇന്നസെന്റ് കൈയയെ നഷ്ടമായ സിംബാബ്‍വേയെ ബ്രയന്‍ ബെനറ്റ് – വെസ്ലി മാധ്വേര സഖ്യം മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു.

Zimbabwe

34 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ഈ കൂട്ടുകെട്ടിനെ ബെനറ്റിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് തകര്‍ത്തത്. 15 പന്തിൽ 23 റൺസായിരുന്നു ബ്രയന്‍ ബെനറ്റ് നേടിയത്. തന്റെ തൊട്ടടുത്ത ഓവറിൽ മാധ്വേരയെയും ബിഷ്ണോയി പുറത്താക്കി. 21 റൺസാണ് സിംബാബ്‍വേ ഓപ്പണര്‍ നേടിയത്.

ഡിയോൺ മയേഴ്സ്(23), സിക്കന്ദര്‍ റാസ(17) എന്നിവരാണ് സിംബാബ്‍വേയ്ക്കായി പൊരുതി നോക്കിയ മറ്റു താരങ്ങള്‍. 4 ഓവറിൽ 13 റൺസ് വിട്ട് നൽകി 4 വിക്കറ്റാണ് ബിഷ്ണോയി നേടിയത്.