രോഹിത് ശർമ്മ തിളങ്ങിയാൽ ഇന്ത്യ എളുപ്പത്തിൽ ന്യൂസിലൻഡിനെ തോൽപ്പിക്കും എന്ന് ദിനേഷ് കാർത്തിക്

2023 ലോകകപ്പിന്റെ സെമി ഫൈനലിൽ രോഹിത് ശർമ്മയെ എത്രയും വേഗം പുറത്താക്കാൻ ആകും ന്യൂസിലൻഡ് ശ്രമിക്കുക എന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. രോഹിത് ശർമ്മയുടെ ഹോം ഗ്രൗണ്ടായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആണ് ഇന്ത്യ ന്യൂസിലൻഡ് സെമി ഫൈനൽ നടക്കുന്നത്. ലീഗ് ഘട്ടത്തിൽ നേരത്തെ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചിരുന്നു.

“ടൂർണമെന്റിൽ ഇതുവരെ ചെയ്‌തത് കാര്യം ആവർത്തിക്കാൻ പോകുന്നത് ആരാണ് എന്നതിൽ എനിക്ക് സംശയമില്ല, അത് രോഹിത് ശർമ്മയാണ്. എന്നെ സംബന്ധിച്ചിടത്തോളം ന്യൂസിലൻഡ് എടുക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ വിക്കറ്റ് അവനാണ്. രോഹിത് തിളങ്ങിയാൽ, ടീം ഇന്ത്യ സെമിയിൽ വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല,” ദിനേശ് കാർത്തിക് ക്രിക്ക്ബസിനോട് പറഞ്ഞു.

“ഇത് ഇതുവരെ ഒരു മികച്ച ടൂർണമെന്റായിരുന്നു, പക്ഷേ നോക്കൗട്ട് ഗെയിമുകൾ വളരെ വ്യത്യസ്തമാണ്. സമ്മർദ്ദം വ്യത്യസ്തമാണ്. ഇന്ത്യ എത്ര നന്നായി കളിച്ചുവെന്ന് ഞങ്ങൾ കണ്ടു. അവർ ചെയ്യേണ്ടത് ഈ സമ്മർദ്ദം ഉൾക്കൊള്ളുക മാത്രമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ന്യൂസിലൻഡ് സെമി കാണാൻ ബെക്കാം എത്തും

ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാം ഇന്ത്യയിൽ എത്തും. നവംബർ 15 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ vs ന്യൂസിലൻഡ് സെമി ഫൈനൽ കാണാൻ ആകും മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ മിഡ്ഫീൽഡർ ആയ ബെക്കാമും കളി കാണാൻ എത്തും എന്ന് അധികൃതർ അറിയിച്ചു.

യുണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡർ എന്ന നിലയിൽ ആകും ബെക്കാം മത്സരത്തിന് എത്തക. കളി ആരംഭിക്കും മുമ്പ് ബെക്കാം ഇരു ടീമിലെയും താരങ്ങളുമായി സംസാരിക്കും.

2019ൽ മാഞ്ചസ്റ്ററിൽ നടന്ന ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണ് നാളെ വാങ്കേഡെയിൽ നടക്കാൻ പോകുന്നത്. അന്നത്തെ തോൽവിക്ക് പ്രതികാരം ചെയ്യുക ആകും ഇന്ത്യയുയ്യെ ലക്ഷ്യം.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് യൂണിറ്റാണ് ഇത് എന്ന് നാസർ ഹുസൈൻ

ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിനെ പ്രശംസിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ നാസർ ഹുസൈൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യൻ ബൗളിംഗ് ടീമാണ് ഇതെന്ന് നാസർ ഹുസൈൻ വിശേഷിപ്പിച്ചു.

‘ഇപ്പോഴത്തെ ഈ ബൗളിംഗ് യൂണിറ്റ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യൻ ബൗളിംഗ് യൂണിറ്റാണ്. ഇന്ത്യക്ക് പലപ്പോഴും മികച്ച ബൗളർമാർ ഉണ്ടായിരുന്നു, എന്നാൽ ഒരു യൂണിറ്റ് എന്ന നിലയിൽ ഇതാണ് ഏറ്റവും മികച്ചത്.” ഹുസൈൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ബുംറയ്ക്ക് നിന്നെ വീഴ്ത്തൊയില്ലെങ്കിൽ സിറാജ് വീഴ്ത്തും. സിറാജിന് ആയില്ല എങ്കിൽ ഷമിക്ക് കിട്ടും. ഇവർക്ക് ആർക്കും ഈ വിക്കയ് കിട്ടിയില്ലെങ്കിൽ രണ്ട് സ്പിന്നർമാർ വരും, അവർ നിങ്ങളെ പുറത്താക്കും.” നാസർ ഹുസൈൻ പറഞ്ഞു.

“മുമ്പ് ബാറ്റിംഗിൽ ഇന്ത്യക്ക് ഫാബ് 5 ഉണ്ടായിരുന്നു, ഇതാണ് ഇപ്പോൾ ബൗളിംഗിൽ ആണ് ഫാബ് 5,” ഹുസൈൻ പറഞ്ഞു.

ഈ ലോകകപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ ഏഴ് തവണയാണ് ഇന്ത്യക്ക് എതിരാളികളെ ഓളൗട്ട് ആക്കി പുറത്താക്കാൻ കഴിഞ്ഞത്. നിലവിലെ ടൂർണമെന്റിൽ എല്ലാ പ്രധാന ഇന്ത്യൻ ബൗളർമാരും 10 വിക്കറ്റിലധികം വീഴ്ത്തി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകളുമായി തോമസ് മുള്ളർ

നവംബർ 15 ന് മുംബൈയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ലോകകപ്പ് 2023 സെമിഫൈനൽ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ആശംസ നേർന്ന് ജർമ്മൻ ഫുട്ബോൾ താരം തോമസ് മുള്ളർ. ഇന്ത്യൻ ടീമിന് പിന്തുണ അറിയിച്ചു ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് വിരാട് കോഹ്‌ലിക്കും ഇന്ത്യക്കും മുള്ളർ ആശംസ അറിയിച്ചത്.

ബയേൺ മ്യൂണിക് താരം തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കിട്ട ഒരു വീഡിയോയിൽ ആണ് ഇന്ത്യൻ ടീം ജേഴ്സി അണിഞ്ഞത്. ഇതാദ്യമായല്ല തോമസ് മുള്ളർ ലോകകപ്പിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നത്. 2019 ലോകകപ്പിന്റെ സമയത്തും അദ്ദേഹം പിന്തുണയുമായി എത്തിയിരുന്നു.

ജർമ്മൻ ദേശീയ ടീമിനൊപ്പം ലോക കിരീടം നേടിയിട്ടുള്ള താരമാണ് മുള്ളർ. 125 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരവുമാണ്.

ഇന്ത്യയെ ഭയപ്പെടുത്തുന്ന ഏതെങ്കിലും ടീമുണ്ടെങ്കിൽ അത് ന്യൂസിലൻഡ് ആയിരിക്കും എന്ന് റോസ് ടെയ്ലർ

നവംബർ 15 ന് നടക്കുന്ന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ടീം സമ്മർദ്ദത്തിൽ ആയിരിക്കും എന്ന് മുൻ ന്യൂസിലൻഡ് ബാറ്റർ റോസ് ടെയ്‌ലർ. 2019ലെ ലോകകപ്പിൽ ന്യൂസിലൻഡ് ആയിരുന്നു ഇന്ത്യയെ തോൽപ്പിച്ചത്‌.

“നാല് വർഷം മുമ്പ്, ടൂർണമെന്റിലെ ഏറ്റവും ഫോമിലുള്ള ടീമായി ഇന്ത്യ മാഞ്ചസ്റ്ററിൽ സെമിഫൈനലിൽ പ്രവേശിച്ചു, അതേസമയം ഞങ്ങൾ നെറ്റ് റൺറേറ്റിൽ ശ്രദ്ധിക്കുകയായിരുന്നു.” ടെയ്ലർ പറഞ്ഞു.

“ഇത്തവണ, ഇന്ത്യ അന്നത്തേക്കാൽ വലിയ ഫേവറിറ്റുകളാണ്, അതും ഹോം ഗ്രൗണ്ടിൽ. ഞങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ, ന്യൂസിലൻഡ് ടീമുകൾ അപകടകാരികളാകും. ഇന്ത്യയെ പരിഭ്രാന്തരാക്കുന്ന ഒരു ടീമുണ്ടെങ്കിൽ, അത് ഈ ന്യൂസിലൻഡ് ടീമായിരിക്കും.” ടെയ്ലർ പറഞ്ഞു.

വിരാട് കോഹ്ലിക്ക് ഡെത്ത് ഓവറുകള ബൗൾ നൽകാൻ പദ്ധതിയുണ്ട് എന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച്

ഈ ക്രിക്കറ്റ് ലോകകപ്പിൽ തന്നെ വിരാട് കോഹ്ലിയെ ഡെത്ത് ഓവറിൽ പന്തെറിയിപ്പിക്കാം ഇന്ത്യ ആലോചിക്കുന്നുണ്ട് എന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ. നെതർലന്റ്സിനെതിരെ ബൗൾ ചെയ്ത കോഹ്ലി ഒരു വിക്കറ്റ് നേടിയിരുന്നു. ആ വിക്കറ്റിനെ ബൗളിംഗ് കോച്ച് പ്രശംസിച്ചു.

“വിരാടിന്റെ വിക്കറ്റ് കാണാൻ നല്ല രസമായിരുന്നു. അവൻ ഫൈൻ ലെഗ് അൽപ്പം അഡ്ജസ്റ്റ് ചെയ്യുന്നത് എനിക്ക് കാണാമായിരുന്നു, താൻ എവിടേക്കാണ് ബൗൾ ചെയ്യാൻ പോകുന്നത് എന്ന് കെ എൽ രാഹുലിന് അദ്ദേഹം സൂചന നൽകി. വിരാടിനെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഞാൻ രോഹിതുമായി സംസാരിച്ചു. പുതിയ പന്ത് ഉപയോഗിച്ച്, അദ്ദേഹം പന്ത് സ്വിംഗ് ചെയ്യും പവർപ്ലേയിൽ അത് ഉപയോഗിക്കാം.” മാംബ്രെ പറഞ്ഞു.

ഡെത്ത് ഓവറുകളിൽ പന്തെറിയാൻ മാനേജ്‌മെന്റ് കോഹ്‌ലിയെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഹ്ലി നല്ല രീതിയിൽ യോർക്കറുകൾ എറിയും. അതുകൊണ്ട് തന്നെ കോഹ്ലിക്ക് അവസാനം പന്തെറിയാൻ ആകും. അദ്ദേഹം കൂട്ടിച്ചേർത്തു.

രോഹിത് തന്റെ താരങ്ങളെ പിന്തുണയ്ക്കുന്നു, അതാണ് മുൻ ക്യാപ്റ്റന്മാരും രോഹിതുമായുള്ള വ്യത്യാസം എന്ന് ഗംഭീർ

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഗൗതം ഗംഭീർ. ഇന്ത്യൻ നായകന്റെ കീഴിൽ എല്ലാ താരങ്ങൾക്കും സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട് എന്നും അതാണ് രോഹിതിന്റെ കഴിവ് എന്നും ഗൗതം ഗംഭീർ. ഒരു നല്ല ക്യാപ്റ്റനും ലീഡറും നിങ്ങൾക്ക് സുരക്ഷ നൽകുന്നു, അത് ഡ്രെസ്സിംഗിനെ സഹായിക്കുന്നു. സ്ക്വാഡിലെ 14 കളിക്കാർക്കും രോഹിതിന് കീഴിൽ സുരക്ഷിതമാണ്. രോഹിത് ശർമ്മ സഹ താരങ്ങളുടെ ആ വിശ്വാസം നേടിയെടുത്തു. ഗംഭീർ പറഞ്ഞു.

ഈ മികവ് കൊണ്ടാണ് അഞ്ച് ഐപിഎൽ ട്രോഫികൾ രോഹിത് നേടിയത്; അന്താരാഷ്ട്ര ഗെയിമുകളിൽ ക്യാപ്റ്റൻ ആയപ്പോഴും അദ്ദേഹത്തിന്റെ റെക്കൊർഡുകൾ അതിശയകരമായത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ ആ ഡ്രസ്സിംഗ് റൂം വളരെ സുരക്ഷിതമായ ഡ്രസ്സിംഗ് റൂം ആക്കി എന്നതാണ്. ക്യാപ്റ്റൻ പുറത്ത് വന്ന്, തന്റെ കളിക്കാരിൽ താൻ വിശ്വസിക്കുന്നുവെന്നും മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കുമ്പോൾ, നിങ്ങളുടെ ക്യാപ്റ്റൻ നിങ്ങളെ എത്രത്തോളം പിന്തുണയ്ക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും അത് അവർ ക്യാപ്റ്റനെ വിശ്വസിക്കാൻ കാരണമാകുന്നു. ഗംഭീർ പറഞ്ഞു.

“ഇന്ത്യയ്‌ക്കായി മുമ്പ് ക്യാപ്റ്റനായിരുന്ന മറ്റ് ചില ക്യാപ്റ്റൻമാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു നേതാവെന്ന നിലയിൽ രോഹിത് ശർമ്മയുമായും വാരുമായുള്ള വ്യത്യാസം അതാണ്, ”ഗംഭീർ പറഞ്ഞു.

ഇന്ത്യക്ക് എതിരെ ന്യൂസിലൻഡിന് കൃത്യമായ പ്ലാനുകൾ ഉണ്ട് എന്ന് ലോക്കി ഫെർഗൂസൺ

ആതിഥേയരായ ഇന്ത്യയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 സെമി ഫൈനലിന് ന്യൂസിലൻഡ് തയ്യാറാണെന്ന് പേസൃ ലോക്കി ഫെർഗൂസൺ. ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് സെമിഫൈനലിന് മുമ്പ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് കൃത്യമായി പരിശോധിക്കണമെന്നും ആ ഗ്രൗണ്ടിൽ ബൗളിംഗ് ശക്തമാക്കേണ്ടതുണ്ട് എന്ന് ഫെർഗൂസൺ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്യുന്നതാകും നല്ലത് എന്ന് ഫെർഗൂസൺ പറഞ്ഞു. അത് എന്തായാലും ആ ദിവസം ഞങ്ങൾ നല്ല ഗെയിം കളിക്കണം. ആദ്യം ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യുകയോ ചെയ്യുക ചെയ്താലും ഞങ്ങൾക്ക് കൃത്യമായ പദ്ധതികൾ ഞങ്ങൾക്കുണ്ട്. ഫെർഗൂസൺ പറഞ്ഞു.

ആ പ്ലാനിക് നിൽക്കേണ്ടത് പ്രധാനമാണ്. രാത്രി ലൈറ്റുകൾക്ക് കീഴിൽ പന്തെറിയാൻ ആയാൽ അത് സന്തോഷമുള്ള കാര്യമായിരിക്കും എന്നും ഫെർഗൂസൺ പറയുന്നു. ,

“ഒരുപാട് ഇന്ത്യൻ ഗ്രൗണ്ടുകൾ ഉയർന്ന സ്‌കോറിംഗ് വരുന്ന പിച്ചുകളാണ്. ഈ ഭാഗത്തെ ഏകദിന ക്രിക്കറ്റിന്റെ സ്വഭാവം അതാണ്. പിച്ച് എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാനും അതിൽ എന്താണ് മികച്ച സ്‌കോർ എന്ന് നോക്കാൻ ഞങ്ങൾ ശ്രമിക്കും.” ഫെർഗൂസൺ കൂട്ടിച്ചേർത്തു.

മോർണെ മോർക്കൽ പാകിസ്താൻ ബൗളിംഗ് കോച്ച് സ്ഥാനം ഒഴിഞ്ഞു

2023 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്ഥാൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ തന്റെ സ്ഥാനം രാജിവച്ചു. ഈ ലോകകപ്പിൽ പാക്കിസ്ഥാന്റെ ബൗളിംഗ് നിരാശയാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. പേസ് ബൗളർമാരും സ്പിന്നർമാരും എല്ലാം പരാജയപ്പെടുന്നതാണ് ഇന്നലെ കാണാൻ ആയത്.

മോർക്കൽ തന്റെ സ്ഥാനം രാജിവച്ചതായും പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്നും പിസിബി അറിയിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഈ വർഷം ജൂണിൽ ആയിരുന്നു ആറ് മാസത്തെ കരാറിൽ പാകിസ്ഥാൻ ടീമിൽ ചേർന്നത്.

“പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തിന്റെ പകരക്കാരനെ താമസിയാതെ പ്രഖ്യാപിക്കും. പാകിസ്ഥാന്റെ അടുത്ത മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയാണ്. 2023 ഡിസംബർ 14 മുതൽ 2024 ജനുവരി 7 വരെ ഓസ്‌ട്രേലിയയിൽ ആകും ആ പരമ്പര നടക്കുക.

ഭൂതകാലത്തെകുറിച്ചല്ല, സ്വന്തം ചരിത്രം എഴുതുന്നതിലാണ് ഇന്ത്യയുടെ ന്യൂ ജനറേഷൻ ക്രിക്കറ്റേഴ്സിന്റെ ശ്രദ്ധ എന്ന് ഹസി

മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മൈക്കൽ ഹസി ഇന്ത്യൻ ടീമിനെ പ്രശംസിച്ചു. പുതിയ തലമുറയിലെ ഇന്ത്യൻ കളിക്കാർ ഭൂതകാലത്തെക്കുറിച്ച് ഓർത്ത് ഭയപ്പെടുന്നില്ല എന്ന് പറഞ്ഞു. “ഇന്ത്യ വളരെ മനോഹരമായി ടീമാണ്, അവരുടെ സ്ക്വാഡ് അതിശയകരമാണ്. അവർ എല്ലാ മേഖലകളും കവർ ചെയ്തിട്ടുണ്ട്,അവർ ആത്മവിശ്വാസത്തോടെ കളിക്കുന്നു. അവർ ഈ കളി ഇഷ്ടപ്പെടുന്നതായി തോന്നുന്നു,” ഹസി പറഞ്ഞു.

“വ്യക്തമായും, അവരാണ് ഫേവറിറ്റ്സ്. സംശയമില്ല. ഇനി നോക്കൗട്ട് ഘട്ടത്തിൽ ആ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന സമ്മർദം കൈകാര്യം ചെയ്യാൻ കഴിയുമോ എന്നതാണ് കാര്യം. നോക്കൗട്ട് സ്റ്റേജിൽ അവർ കളിക്കുന്നത് കാണാൻ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്.” ഹസി പറഞ്ഞു.

പുതിയ തലമുറയിലെ കളിക്കാർ ഭൂതകാലത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്നും പഴയ ബാഗേജുകൾ ഒപ്പം കൊണ്ടുപോകുന്നില്ലെന്നും ഹസി പറഞ്ഞു.

“ഈ തലമുറയിലെ കളിക്കാരെക്കുറിച്ചുള്ള എന്റെ നിരീക്ഷണം അവർ ഭൂതകാലത്തെ കാര്യമാക്കുന്നില്ല എന്നതാണ്. അവർ സ്വന്തം ചരിത്രം എഴുതുന്നു. ഈ പുതിയ തലമുറയിലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പഴയ ബാഗേജുകളെ കുറിച്ചോ പഴയ മുറിവുകളെ കുറിച്ചോ ഓർത്ത് വിഷമിക്കുന്നില്ലെന്ന് തോന്നുന്നു. അവർ അവിടെ പോയി സ്വന്തം ഡെസ്റ്റിനി രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്, ”ഹസി പറഞ്ഞു.

ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ലോകകപ്പ് ഇലവനിൽ കോഹ്ലി ക്യാപ്റ്റൻ, രോഹിത് ഇല്ല

2023 ലോകകപ്പ് ടൂർണമെന്റിന്റെ ലീഗ് ഘട്ടം കഴിഞ്ഞതോടെ ഇതുവരെയുള്ള മികച്ച ഇലവനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു, വിരാട് കോഹ്‌ലിയെ ആണ് മികച്ച ലോകകപ്പ് ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ടീമിൽ ഇടമില്ല.

കോഹ്ലി ഇതുവരെ ഒമ്പത് മത്സരങ്ങളിൽ നിന്നായി 594 റൺസ് നേടിയിട്ടുണ്ട്. 503 റൺസ് എടുത്ത രോഹിത് ശർമ്മക്ക് ടീമിൽ ഇടം കിട്ടിയില്ല. ക്വിന്റൺ ഡി കോക്കിനെയും ഡേവിഡ് വാർണറെയും ഓപ്പണർമാരായി തിരഞ്ഞെടുത്തു. ഇന്ത്യൻ പേസ് ജോഡികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ ഉണ്ട്‌.

Team of the tournament by Cricket Australia:

Quinton de Kock (wk), David Warner, Rachin Ravindra, Virat Kohli (c), Aiden Markram, Glenn Maxwell, Marco Jansen, Ravindra Jadeja, Mohammed Shami, Adam Zampa, Jasprit Bumrah.
12th man: Dilshan Madushanka

“രോഹിത് ശർമ്മയെ ഓർത്ത് കളി തുടങ്ങുംമുമ്പ് തന്നെ എതിരാളികൾ പരിഭ്രാന്തരാകുന്നു” ഫിഞ്ച്

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനം കളി ആരംഭിക്കുന്നതിന് മുമ്പുതന്നെ എതിരാളികളെ പരിഭ്രാന്തരാക്കുന്നു എന്ന് ഫിഞ്ച് പറഞ്ഞു. പവർപ്ലേയ്ക്കിടെ രോഹിത് എതിർ ടീമിന്മേൽ ചെലുത്തുന്ന സമ്മർദ്ദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച ഫിഞ്ച് പറഞ്ഞു.

രോഹിത്തിന്റെ ചിന്താ പ്രക്രിയ, ടീമിന് മികച്ച തുടക്കം നൽകുക എന്നതാണ്. ടൂർണമെന്റ് പുരോഗമിക്കുന്തോറും വിക്കറ്റ് മന്ദഗതിയിലാകുന്നത് കാണാം. അതിനാൽ, എതിരാളികളെ സമ്മർദ്ദത്തിലാക്കൻ ആദ്യത്തെ പവർപ്ലേ ശരിക്കും നിർണായകമാണ്. ഫിഞ്ച് പറഞ്ഞു.

“രോഹിത് അവരെ നേരിടാൻ പോകുന്നുവെന്ന് അറിഞ്ഞുകൊണ്ട്, കളി ആരംഭിക്കുന്നതിന് മുമ്പ് ബൗളറുടെ ചിന്താഗതിയിൽ മാറ്റം വരുന്നു.
അവർ അൽപ്പം പരിഭ്രാന്തരാകാൻ തുടങ്ങും, തുടക്കത്തിൽ തന്നെ ഒരു പ്രതിരോധ മോഡിലേക്ക് അവർ പോകാം”ഫിഞ്ച് കൂട്ടിച്ചേർത്തു.

Exit mobile version