ഈ ലോകകപ്പിലെ എട്ടാം ഫിഫ്റ്റി!! കോഹ്ലി കിംഗ് തന്നെ

വിരാട് കോഹ്ലി ഈ ലോകകപ്പിലെ തന്റെ സ്ഥിരത തുടരുന്നു. ഇന്ന് ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിന് എതിരെയും വിരാട് കോഹ്ലി അർധ സെഞ്ച്വറി കടന്നു. ഈ ലോകകപ്പിൽ ഇതുവരെ നടന്ന 10 ഇന്നിംഗ്സിൽ എട്ടിലും കോഹ്ലി അർധ സെഞ്ച്വറി നേടി. ഇതാദ്യമായാണ് ഒരു താരം ഒരു ലോകകപ്പിൽ എട്ട് തവണ അർധ സെഞ്ച്വറിക്ക് മുകളിൽ സ്കോർ ചെയ്യുന്നത്.

2003ൽ സച്ചിൻ ടെൻഡുൽക്കർ 7 തവണ അർധ സെഞ്ച്വറിക്ക് മുകളിൽ സ്കോർ ചെയ്തിരുന്നു. അതാണ് കോഹ്ലി ഇന്ന് മറികടന്നത്. 2019ൽ ഷാകിബുൽ ഹസനും 7 തവണ അർധ സെഞ്ച്വറിക്ക് മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. കോഹ്ലി ഈ ലോകകപ്പിൽ ഇതുവരെ 650 റൺസുൻ നേടി.

Most 50+ Scores in World Cup Edition

8 – Virat Kohli (2023)*
7 – Sachin Tendulkar (2003)
7 – Shakib Al Hasan (2019)
6 – Rohit Sharma (2019)
6 – David Warner (2019)

നിർഭാഗ്യം, ശുഭ്മൻ ഗില്ലിന് പരിക്ക്, റിട്ടയർ ചെയ്തു

ഇന്ത്യയുടെ ഓപ്പണർ ശുഭ്മൻ ഗില്ലിന് പരിക്ക്. ഇന്ന് ന്യൂസിലൻഡിന് എതിരായ ലോകകപ്പ് സെമി ഫൈനലിൽ മികച്ച രീതിയിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കെ ആണ് ഗില്ലിന് പരിക്കേറ്റ് മടങ്ങേണ്ടി വന്നത്. ഗിൽ 79 റൺസിൽ നിൽക്കെ ആണ് പരിക്ക് കാരണം റിട്ടയർ ചെയ്തത്. 65 പന്തിൽ നിന്ന് ആയിരുന്നു ഗിൽ 79 റൺസ് എടുത്തത്‌. 8 ഫോറും മൂന്ന് സിക്സും ഗില്ലിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ഗില്ലിന്റെ പരിക്ക് സാരമുള്ളതാകില്ല എന്ന പ്രതീക്ഷകയിലാണ് ഇന്ത്യ. താരം ഈ ഇന്നിംഗ്സിൽ ഇനി ഇറങ്ങുമോ എന്ന് കണ്ടറിയണം. ഗില്ലും രോഹിത് ശർമ്മയും കൂടെ ഇന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് ശർമ്മ 29 പന്തിൽ നിന്ന് 47 റൺസും എടുത്തിരുന്നു‌.

രോഹിത് മാസ്!! ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന താരം

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന താരമായി രോഹിത് ശർമ്മ. ഇന്ന് ന്യൂസിലംഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ രോഹിത് ശർമ ക്രിസ് ഗെയിലിന്റെ രണ്ട് സിക്സ് റെക്കോർഡുകൾ ഇന്ന് മറികടന്നു‌. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെൽകോർഡും ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡും രോഹിതിന്റെ പേരിലായി.

49 സിക്സുകൾ അടിച്ച ഗെയ്ലിന്റെ റെക്കോർഡ് 50 സിക്സുകൾ അടിച്ച് രോഹിത് മറികടന്നു. ഇതു കൂടാതെ ഒരു ലോകകപ്പ് ടൂർണമെന്റിൽ 26 സിക്സുകൾ അടിച്ച ഗെയ്ലിന്റെ റെക്കോർഡ് ഈ ലോകകപ്പിലെ 27ആം സിക്സോടെ രോഹിത് മറികടന്നു. ഇന്ന് ആദ്യ 6 ഓവറിൽ തന്നെ രോഹിത് നാലു സിക്സുകൾ അടിച്ചു കഴിഞ്ഞു. രോഹിത് ശർമ്മ നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന ഗെയ്ലിന്റെ റെക്കോർഡും മറികടന്നിരുന്നു.

ആദ്യ സെമി, ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

2023 ഏകദിന ലോകകപ്പിലെ ആദ്യ സെമിയിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയെത്തിയ ഇന്ത്യ ഇതുവരെ ടൂര്‍ണ്ണമെന്റിൽ പരാജയം അറിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ഇരു ടീമുകളും ഇന്ന് സെമി മത്സരത്തിനിറങ്ങുന്നത്.

ഇന്ത്യ: Rohit Sharma(c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Suryakumar Yadav, Ravindra Jadeja, Mohammed Shami, Jasprit Bumrah, Kuldeep Yadav, Mohammed Siraj

ന്യൂസിലാണ്ട്: Devon Conway, Rachin Ravindra, Kane Williamson(c), Daryl Mitchell, Mark Chapman, Glenn Phillips, Tom Latham(w), Mitchell Santner, Tim Southee, Lockie Ferguson, Trent Boult

തന്റെ ക്യാപ്റ്റൻസിയുടെ മികവിന്റെ ക്രെഡിറ്റ് രാഹുൽ ദ്രാവിഡിന് നൽകി രോഹിത് ശർമ്മ

തന്റെ ക്യാപ്റ്റൻസിയുടെ മികവിന്റെ ക്രെഡിറ്റ് പരിശീലകൻ രാഹുൽ ദ്രാവിഡിന് നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ദ്രാവിഡിന്റെ പിന്തുണയാണ് ടീമിൽ എല്ലാവരുടെയും കാര്യങ്ങൾ എളുപ്പമാക്കുന്നത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. “എന്റെ പക്കൽ ക്യാപ്റ്റൻസിക്കുള്ള മന്ത്രമൊന്നുമില്ല. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, നിങ്ങൾക്ക് ക്രിക്കറ്റ് ഒരു പ്രത്യേക രീതിയിൽ കളിക്കണമെങ്കിൽ അത് ടീം അറിഞ്ഞിരിക്കണം എന്ന് ഞാൻ കരുതുന്നു. ഒരു പ്രത്യേക കളിക്കാരൻ ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾക്ക് പിന്തുണ നൽകണം.” രോഹിത് പറഞ്ഞു.

“അതിന് എന്നെ പിന്തുണച്ചതിന് രാഹുൽ ദ്രാവിഡ് ഭായിക്കു ക്രെഡിറ്റ് നൽകണം – ചില സമയങ്ങളിൽ ആ പിന്തുണ വന്നില്ലെങ്കിൽ കളിക്കാർക്ക് പ്രകടനം നടത്താൻ ആകില്ല. റോൾ വ്യക്തതയും സ്വാതന്ത്ര്യവും പ്രധാനമാണ്.” രോഹിത് പറഞ്ഞു.

2011 ടീമാണോ ഇപ്പോഴത്തെ ഇന്ത്യൻ ടീമാണോ മികച്ചത് എന്ന് തനിക്ക് അറിയില്ല എന്നും രോഹിത് പറഞ്ഞു. “ഞാൻ 2011 ടീമിന്റെ ഭാഗമായിരുന്നില്ല. ഏത് ടീമാണ് മികച്ചതെന്ന് എനിക്കറിയില്ല. 2019ലെ ടീമിനേക്കാൾ മെച്ചമാണോ 2023ലെ ടീം എന്ന് എനിക്ക് പറയാൻ കഴിയില്ല” രോഹിത് പറഞ്ഞു.

ശുഭ്മൻ ഗില്ലിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ന്യൂസിലൻഡിന് എതിരെ വരും എന്ന് ഉത്തപ്പ

ടൂർണമെന്റിൽ സെഞ്ച്വറി നേടാത്തതിൽ ഗില്ലിന് അൽപ്പം നിരാശയുണ്ടാകുമെന്നും എന്നാൽ ലോകകപ്പിലെ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി വിദൂരമല്ലെന്ന് കരുതുന്നതായും ഉത്തപ്പ പറഞ്ഞു. ന്യൂസിലൻഡിനെതിരായ ഇന്നത്തെ മത്സരത്തിൽ ഗില്ലിന് ആ നേട്ടം കൈവരിക്കാൻ ആകും എന്ന് ഉത്തപ്പ കരുതുന്നു.

“ആദ്യത്തെ 5-ൽ, അവരിൽ നാല് പേരും ഈ ലോകകപ്പിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. ശുഭ്മാൻ ഗിൽ ഒഴികെ. ശുഭ്മാൻ ഗിൽ തീർച്ചയായും ഒരു സെഞ്ച്വറി നേടേണ്ടതായിരുന്നു. അതിനു കഴിയാതിരുന്നതിൽ അദ്ദേഹത്തിന് അൽപ്പം നിരാശ തോന്നും” ഉത്തപ്പ പറഞ്ഞു

“ഡെങ്കിപ്പനിക്ക് ശേഷം അദ്ദേഹം മടങ്ങിയെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അത് എളുപ്പമല്ല. സെഞ്ച്വറി അകലെയല്ല, ഞാനും ഈ മത്സരത്തിൽ അദ്ദേഹത്തിന് അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നുകിൽ ഇത് അല്ലെങ്കിൽ അടുത്തത്. അടുത്ത രണ്ട് ഗെയിമുകളിൽ അദ്ദേഹത്തിന് ഒരു സെഞ്ച്വറി നേടാനായാൽ അത് അതിശയകരമായ നേട്ടമായിരിക്കും,” ഉത്തപ്പ പറഞ്ഞു.

“ഇന്ത്യ ആദ്യം ബാറ്റു ചെയ്താൽ ഏകപക്ഷീയമായി വിജയിക്കും” – ശ്രീശാന്ത്

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ ബൗളർമാർ ഫ്ലഡ്ലൈറ്റിനു കീഴിൽ പന്തെറിയുകയാണെങ്കിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സെമി ഫൈനൽ ഏകപക്ഷീയമായി മാറുമെന്ന് എസ് ശ്രീശാന്ത്. “ഷമിയും സിറാജും ബുംറയും നന്നായി പന്തെറിയുകയാണെങ്കിൽ നമ്മുടെ സീമർമാർ ലൈറ്റുകൾക്ക് കീഴിൽ പന്തെറിയുകയാണെങ്കിൽ ഏകപക്ഷീയമായ ഒരു മത്സരമായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു.” ശ്രീശാന്ത് പറഞ്ഞു.

“ന്യൂസിലൻഡ് ആദ്യം ബാറ്റ് ചെയ്താൽ, ഇന്ത്യ അവരെ 300-നുള്ളിൽ പുറത്താക്കണം. മുംബൈ വിക്കറ്റുകളിൽ, അത്തരം സ്കോറുകൾ പിന്തുടരാനാകും.” ശ്രീശാന്ത് പറഞ്ഞു.

“ടോസ് നേടിയാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം. അത് വിക്കറ്റിനെ ആശ്രയിച്ചിരിക്കുന്നു. ഫ്ലാറ്റ് ട്രാക്കാണെങ്കിൽ തീർച്ചയായും നമ്മൾ ആദ്യം ബാറ്റ് ചെയ്യണം. 1983ൽ ലോകകപ്പ് നേടിയപ്പോൾ ഞങ്ങൾ രണ്ടാമത് പന്തെറിഞ്ഞു. 2011ൽ വാങ്കഡെയിൽ ലോകകപ്പ് നേടിയപ്പോൾ ഞങ്ങൾ രണ്ടാമത് ബാറ്റ് ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ബോർഡിൽ ഒരു വലിയ സ്കോർ ഉണ്ടാക്കണമെന്ന് എനിക്ക് തോന്നുന്നു, ”ശ്രീശാന്ത് പറഞ്ഞു.

ന്യൂസിലൻഡ് സ്ഥിരതയും അച്ചടക്കവുമുള്ള ടീം എന്ന് രോഹിത് ശർമ്മ

ന്യൂസിലൻഡ് ഏറ്റവും ഡിസിപ്ലിൻഡ് ആയ ടീമാണ് എന്ന് രോഹിത് ശർമ്മ. സെമി ഫൈനലിന് മുന്നോടിയായി എതിരാളികളെ കുറിച്ച് സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ. ന്യൂസിലൻഡിനെതിരെ ഞങ്ങൾ വരുമ്പോഴെല്ലാം, അവർ എങ്ങനെ കളിക്കണം എന്നതിന്റെ കാര്യത്തിൽ ഏറ്റവും അച്ചടക്കമുള്ള ടീമായിരിക്കും. അവർ അവരുടെ ക്രിക്കറ്റ് വളരെ സമർത്ഥമായി കളിക്കുന്നു. എതിരാളികളെ അവർ നന്നായി മനസ്സിലാക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഞങ്ങളുടെ നിരവധി കളിക്കാരുമായി അവരുടെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ, വ്യത്യസ്ത ടൂർണമെന്റുകളിൽ കളിച്ചതിനാൽ, അവർ എതിരാളികളുടെ മാനസികാവസ്ഥയും നന്നായി മനസ്സിലാക്കുന്നു.” രോഹിത് പറഞ്ഞു.

“ഞങ്ങൾ അവർക്കെതിരെ കളിച്ചപ്പോഴെല്ലാം, ഏറ്റവും അച്ചടക്കമുള്ള ടീമായിരുന്നു അവർ. കഴിഞ്ഞ വർഷങ്ങളിൽ അവർ വളരെ സ്ഥിരതയുള്ളവരായിരുന്നു, മിക്കവാറും എല്ലാ ഐസിസി ടൂർണമെന്റുകളുടെയും സെമിഫൈനലുകളും ഫൈനലുകളും അവർ കളിച്ചു ” അദ്ദേഹം കൂട്ടിച്ചേർത്തു.

“രോഹിത് ശർമ്മ സ്വന്തം നേട്ടങ്ങൾക്ക് ആയി കളിക്കാറില്ല” ഗവാസ്കർ

വ്യക്തിഗത നാഴികക്കല്ലുകൾക്ക് വേണ്ടി കളിക്കുന്ന ആളല്ല രോഹിത് ശർമ്മ എന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. സെമി ഫൈനലിലും രോഹിത് ശർമ്മ തന്റെ രീതി മാറ്റുമെന്ന് കരുതുന്നില്ല എന്നും ഗവാസ്കർ പറഞ്ഞു.“രോഹിത് ശർമ്മ തന്റെ കളി മാറ്റുമെന്ന് ഞാൻ കരുതുന്നില്ല, കാരണം ഈ ടൂർണമെന്റിലുടനീളം അവൻ അങ്ങനെയാണ് കളിക്കുന്നത്.” ഗവാസ്കർ പറഞ്ഞു.

“വ്യക്തിപരമായ ലാൻഡ്‌മാർക്കുകളോ നാഴികക്കല്ലുകളോ സംബന്ധിച്ച് അദ്ദേഹം വിഷമിച്ചിട്ടില്ല” സുനിൽ ഗവാസ്‌കർ ‘സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“അദ്ദേഹം ടീമിന് മികച്ച തുടക്കം നൽകാൻ നോക്കുന്നു, കാരണം അത് എതിരാളികളെ സമ്മർദ്ദത്തിലാക്കുകയും തന്റെ ടീമിന് ശേഷിക്കുന്ന 40 ഓവറുകൾ മുതലെടുക്കാൻ കഴിയുന്ന പ്ലാറ്റ്ഫോം നൽകുകയും ചെയ്യുന്നു. അതിനാൽ ആദ്യ 8-10 ഓവറുകളിൽ, അവൻ ശരിക്കും അവൻ ആക്രമിച്ചു തന്നെ കളിക്കും.” ഗവാസ്കർ പറഞ്ഞു.

വാങ്കഡെയിൽ ടോസ് വിധി എഴുതില്ല എന്ന് രോഹിത് ശർമ്മ

ന്യൂസിലൻഡിന് എതിരായ സെമി ഫൈനലിൽ ടോസ് നിർണായക ഘടകമല്ല എന്ന് രോഹിത് ശർമ്മ. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. വാങ്കെഡെയിൽ ആദ്യം ബാറ്റു ചെയ്യുന്നവർക്ക് ആണ് മുൻ തൂക്കം എന്ന് ചർച്ചകൾ ഉയരവെ ആണ് ടോസ് അവിടെ പ്രധാന ഘടകമല്ല എന്ന് രോഹിത് പറയുന്നത്.

“ഞാൻ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ നടന്ന നാലോ അഞ്ചോ മത്സരങ്ങൾ കണ്ട് വാങ്കഡെ പിച്ച് എന്താണെന്ന് നിങ്ങൾക്ക് തീരുമാനിക്കാൻ ആകില്ല. അതുകൊണ്ട് തന്നെ ടോസ് ഇവിടെ ഒരു ഘടകമല്ല.” രോഹിത് ശർമ്മ പറഞ്ഞു. ന്യൂസിലൻഡിനെ ലീഗ് ഘട്ടത്തിൽ തോൽപ്പിച്ച ഇന്ത്യ മുംബൈയിൽ ആ വിജയം ആവർത്തിക്കാൻ കഴിയും എന്ന പ്രതീക്ഷകയിലാണ്.

മുൻ ലോകകപ്പിൽ എന്ത് നടന്നു എന്ന് ചർച്ച ചെയ്യുന്നതിൽ കാര്യമില്ല, നാളെ എന്ത് ചെയ്യും എന്നതാണ് കാര്യം – രോഹിത് ശർമ്മ

നാളെ ന്യൂസിലൻഡിനെ ലോകകപ്പ് സെമി ഫൈനലിൽ നേരിടാ ഒരുങ്ങുന്ന രോഹിത് ശർമ്മയും ഇന്ത്യയും മുൻ കാല റെക്കോർഡുകൾ ഓർത്ത് വിഷമിക്കുന്നില്ല എന്ന് പറഞ്ഞു ‌ ന്യൂസിലൻഡിനെതിരായ നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യക്ക് അത്ര നല്ല റെക്കോർഡ് അല്ല ഉള്ളത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ ന്യൂസിലൻഡിനോട് സെമിയിൽ പരാജയപ്പെട്ടിരുന്നു.

“വ്യക്തമായും നിങ്ങളുടെ മനസ്സിൽ എല്ലാം ഉണ്ടാകും, പണ്ട് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം. എന്നാൽ മുൻകാലങ്ങളിൽ സംഭവിച്ചത് കഴിഞ്ഞ കാര്യമാണ്. നിങ്ങൾക്ക് ഇന്ന് ചെയ്യാൻ കഴിയുന്നത്, നാളെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. അതാണ് കാര്യം.” രോഹിത് ശർമ്മ മത്സരത്തിനു മുന്നോടിയായി പറഞ്ഞു.

“പത്ത് വർഷം മുമ്പോ അഞ്ച് വർഷം മുമ്പോ നടന്നതിനെക്കുറിച്ചോ അല്ലെങ്കിൽ കഴിഞ്ഞ ലോകകപ്പിനെക്കുറിച്ചോ കൂടുതൽ ചർച്ചകൾ വേണമെന്ന് ഞാൻ കരുതുന്നില്ല, ”രോഹിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കളി വാങ്കഡേയിൽ എന്നത് ന്യൂസിലാണ്ടിന് നല്ല കാര്യം- മൈക്ക് ഹെസ്സൺ

ഇന്ത്യയെ നേരിടുവാന്‍ മറ്റേത് ഗ്രൗണ്ടിനെക്കാളും മികച്ചത് വാങ്കഡേ തന്നെന്ന് പറഞ്ഞ് മൈക്ക് ഹെസ്സൺ. ഐപിഎലില്‍ കോച്ചായും മറ്റും സഹകരിച്ച് അഞ്ച് വര്‍ഷത്തെ പരിചയം ഉള്ള വ്യക്തിയാണ് ന്യൂസിലാണ്ടുകാരനായ മൈക്ക ഹെസ്സൺ. ന്യൂസിലാണ്ട് ബൗളിംഗിന് അനുകൂലമായ ബൗൺസ് ഇവിടെ ലഭിയ്ക്കുമെന്നാണ് ഹെസ്സണിന്റെ പക്ഷം.

ബൗൺസുണ്ടെങ്കിൽ അത് വിക്കറ്റിലേക്ക് വഴിതെളിയ്ക്കുമെന്നും അതിനാൽ തന്നെ വാങ്കഡേയിൽ കളി നടക്കുന്നു എന്നത് ടീമിന് മനോവീര്യം നൽകേണ്ടതാണെന്നും ഹെസ്സൺ കൂട്ടിചേര്‍ത്തു. ഏതാനും വര്‍ഷം മുമ്പ് ഇന്ത്യയെ ന്യൂസിലാണ്ട് വാങ്കഡേയിൽ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് ശതകം നേടിയ ടോം ലാഥം ടീമിലുള്ളതും ന്യൂസിലാണ്ടിന് കരുത്തേകുമെന്നും ഹെസ്സൺ പറഞ്ഞു.

ടോസിന് വലിയ പ്രാധാന്യം ഇല്ലാത്തൊരു ഗ്രൗണ്ടാണ് വാങ്കഡേ എന്നും ഹെസ്സൺ സൂചിപ്പിച്ചു. ഇതൊക്കെയാണെങ്കിലും ഇന്ത്യയ്ക്ക് തന്നെയാണ് മേൽക്കൈ എന്നും ന്യൂസിലാണ്ട് അണ്ടര്‍ ഡോഗുകള്‍ ആണെന്നും ഹെസ്സൺ വ്യക്തമാക്കി.

Exit mobile version