തുടക്കത്തിലെ നേട്ടത്തില്‍ മതിമറന്നിരുന്നില്ല, ലോര്‍ഡ്സിലേക്ക് യാത്രയാകുന്നത് വലിയ ബഹുമതി

Sports Correspondent

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്സിലേക്ക് യാത്രയാകാനാകുന്നത് ഏറ്റവും വലിയ പ്രത്യേകത നിറഞ്ഞ അനുഭവമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന് വേണ്ടി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ മാറ്റ് ഹെന്‍റി. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ മാറ്റ് ഹെന്‍റിയുടെ തന്റെ സ്പെല്ലില്‍ 10 ഓവറില്‍ 37 റണ്‍സിന് 3 വിക്കറ്റ് നേടുകയായിരുന്നു. ഹാര്‍ദ്ദിക്കും ധോണിയും ജഡേജയും ബാറ്റിംഗിന് ഇറങ്ങാനുണ്ടെന്നതിനാല്‍ തുടക്കത്തിലെ നേട്ടത്തില്‍ ന്യൂസിലാണ്ട് മതി മറന്നിരുന്നില്ലെന്ന് മാറ്റ് ഹെന്‍റി പറഞ്ഞു. അവരെല്ലാം ക്രിക്കറ്റിലെ വലിയ ഫിനിഷര്‍മാരാണെന്ന് ഏവര്‍ക്കും അറിയാമെന്നും ഹെന്‍റി വ്യക്തമാക്കി.

ലോകോത്തരമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന് ടീമിനു അറിയാമായിരുന്നു. തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ എന്തും സംഭവിക്കാമന്ന് ടീമിന് ഉറപ്പായിരുന്നു. അത് പോലെ തന്നെ കാര്യങ്ങള്‍ നീങ്ങിയെന്നും മാറ്റ് ഹെന്‍റി വ്യക്തമാക്കി. ഞായറാഴ്ചത്തെ ഫൈനലിലേക്ക് ടീം ഉറ്റുനോക്കുകയാണെന്നും അവിടെയും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ഹെന്‍റി പറഞ്ഞു.