തിളങ്ങാനായത് ഷാക്കിബിനു മാത്രം, ബംഗ്ലാദേശിനു തടയിട്ട് ന്യൂസിലാണ്ട്, മാറ്റ് ഹെന്‍റിയ്ക്ക് നാല് വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ബാറ്റിംഗ് മികവ് ന്യൂസിലാണ്ടിനെതിരെ ആവര്‍ത്തിക്കാനാകാതെ ബംഗ്ലാദേശ്. ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യവേ താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ബംഗ്ലാദേശ് സ്വയം പ്രതിസന്ധി തീര്‍ക്കുകയായിരുന്നു. 64 റണ്‍സുമായി ഷാക്കിബ് ഹസന്‍ മാത്രമാണ് കാര്യമായ പ്രകടനം പുറത്തെടുത്തത്. 49.2 ഓവറില്‍ നിന്ന് 244 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

തമീം ഇക്ബാല്‍(24), സൗമ്യ സര്‍ക്കാര്‍(25), മുഷ്ഫിക്കുര്‍ റഹിം(19), മുഹമ്മദ് മിഥുന്‍(26), മഹമ്മദുള്ള(20) എന്നിവരെല്ലാം ലഭിച്ച തുടക്കം അധികം തുടരാനാകാതെ പുറത്താകുകയായിരുന്നു. മുഹമ്മദ് സൈഫുദ്ദീന്‍ നേടിയ 29 റണ്‍സ് ആണ് ടീമിനെ 244 റണ്‍സിലേക്ക് നയിച്ചത്. മാറ്റ് ഹെന്‍റി 4 വിക്കറ്റും ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റും നേടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.