വാലറ്റത്തോടൊപ്പം മാത്യൂസ് നേടിയത് 23 റണ്‍സ്, ശ്രീലങ്ക ജയിച്ചത് 20 റണ്‍സിന്

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഏറെ നിര്‍ണ്ണായകമായ ബാറ്റിംഗ് പ്രകടനമാണ് ഇന്നലെ ലങ്കയുടെ മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് പുറത്തെടുത്തത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പരാജയമായിരുന്ന താരം ഇന്നലെ തന്റെ ഏറ്റവും മികച്ചൊരു ഇന്നിംഗ്സ് കളിച്ചാണ് 85 റണ്‍സുമായി പുറത്താകാതെ നിന്നത്. മാത്യൂസ് ക്രീസിലെത്തുമ്പോള്‍ ശ്രീലങ്ക 62/3 എന്ന നിലയിലായിരുന്നു. അവിഷ്ക ഫെര്‍ണാണ്ടോ നടത്തിയ കൗണ്ടര്‍ അറ്റാക്കിംഗിനു ശേഷം മോശം ഷോട്ട് കളിച്ച് താരം പുറത്തായ ശേഷമാണ് ശ്രീലങ്കയുടെ സീനിയര്‍ താരം ക്രീസിലേക്ക് എത്തിയത്.

സമ്മര്‍ദ്ദം മുഴുവന്‍ ഉള്‍ക്കൊണ്ട് ആദ്യം കുശല്‍ മെന്‍ഡിസിനൊപ്പം പിന്നെ മറ്റു താരങ്ങള്‍ക്കൊപ്പവും ഇന്നിംഗ്സ് ചലിപ്പിച്ച ആഞ്ചലോ അവസാന രണ്ട് വിക്കറ്റില്‍ 23 റണ്‍സാണ് ലസിത് മലിംഗയോടും(1) നുവാന്‍ പ്രദീപിനോടുമൊപ്പം(1) നേടിയത്. ഈ നിര്‍ണ്ണായക റണ്‍സുകളുടെ പ്രാധാന്യം മനസ്സിലാകുന്നത് ശ്രീലങ്ക വിജയിച്ച മാര്‍ജിന്‍ നോക്കുമ്പോളാണ്. ബെന്‍ സ്റ്റോക്സിന്റെ വെല്ലുവിളിയെ അതിജീവിച്ച് ലങ്ക വിജയം നേടുമ്പോള്‍ 20 റണ്‍സിനാണ് ഇംഗ്ലണ്ട് പൊരുതി വീണത്.

ആഞ്ചലോ പുറത്താകാതെ നിന്ന് നേടിയ 85 റണ്‍സിലെ ഏറ്റവും പ്രാധാന്യമേറിയ കൂട്ടുകെട്ടായിരുന്ന ഈ 23 റണ്‍സ് അവസാന രണ്ട് വിക്കറ്റില്‍ നേടിയതെന്ന് നിസ്സംശയം പറയാം. ശ്രീലങ്കയ്ക്ക് ഏറെ ആവശ്യമുള്ള ഘട്ടത്തില്‍ ശ്രീലങ്കയുടെ ഈ വലിയ താരം അവസരത്തിനൊത്തുയര്‍ന്ന് ടീമിനെ ബാറ്റിംഗില്‍ കൈപിടിച്ചുയര്‍ത്തിയപ്പോള്‍ ബൗളിംഗില്‍ മറ്റൊരു സീനിയര്‍ താരം ലസിത് മലിംഗയാണ് കാര്യങ്ങള്‍ ഏറ്റെടുത്തത്.