ഓഹ് ഓയിന്‍, തീപ്പൊരി ബാറ്റിംഗ് പ്രകടനവുമായി ഇംഗ്ലണ്ട് നായകന്‍, മികച്ച ബാറ്റിംഗുമായി ബൈര്‍സ്റ്റോയും റൂട്ടും

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ബൈര്‍സ്റ്റോ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് ജോസ് ബട്‍ലറെ കളത്തിലിറക്കി സ്കോറിംഗിനു വേഗത കൂട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും കഴിഞ്ഞ മത്സരത്തില്‍ പരിക്ക് മൂലം ബാറ്റിംഗിനിറങ്ങാതിരുന്ന, ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന സംശയത്തിലായിരുന്ന ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ആണ് ക്രീസിലേക്ക് എത്തിയത്. മോര്‍ഗന്‍ ക്രീസിലെത്തുമ്പോള്‍ 30ാം ഓവറില്‍ ഇംഗ്ലണ്ട് 164 റണ്‍സാണ് നേടിയിരുന്നത്.

45 റണ്‍സുമായി ജോ റൂട്ടായിരുന്നു ക്രീസില്‍ അപ്പോള്‍ നിന്നിരുന്നത്. എന്നാല്‍ പിന്നീട് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ട് നായകന്‍ പുറത്തെടുത്തത്. അര്‍ദ്ധ ശതകം നേടിയ ജോ റൂട്ടിനെ ഏറെ വൈകാതെ മറികടന്ന മോര്‍ഗന്‍ പിന്നെ സിക്സറുടെ പെരുമഴ പൂരം സൃഷ്ടിക്കുന്നതാണ് പിന്നീട് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്.

36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച മോര്‍ഗന്‍ പിന്നീട് സിക്സടിച്ച് കൂട്ടുകയായിരുന്നു മത്സരത്തില്‍. അഫ്ഗാനിസ്ഥാന്‍ നിരയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും മുജീബ് ഉര്‍ റഹ്മാന്‍ മാത്രമാണ് മോര്‍ഗന്റെ കൈയ്യില്‍ നിന്ന് വലിയ അടി വാങ്ങാതെ രക്ഷപ്പെട്ടത്. റഷീദ് ഖാനെയും, മുഹമ്മദ് നബിയെയും മോര്‍ഗന്‍ തിരഞ്ഞ് പിടിച്ച് ആക്രമിച്ചത്. മോര്‍ഗന്‍ തന്റെ അടുത്ത 50 റണ്‍സ് വെറും 21 പന്തില്‍ നിന്നാണ് നേടിയത്. 57 പന്തില്‍ നിന്നാണ് മോര്‍ഗന്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയത്.

50 ഓവര്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് 189 റണ്‍സാണ് നേടിയത്. റൂട്ട് 88 റണ്‍സ് നേടിയപ്പോള്‍ ഓയിന്‍ മോര്‍ഗന്‍ 71 പന്തില്‍ നിന്ന് 17 സിക്സും 4 ഫോറും സഹിതം 148 റണ്‍സാണ് നേടിയത്. മോയിന്‍ അലി 9 പന്തില്‍ നിന്ന് 31 റണ്‍സ് നേടി പുറത്താകാതെ നിന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി ദവലത് സദ്രാനും ഗുല്‍ബാദിന്‍ നൈബും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ റഷീദ് ഖാന്‍ ലോകകപ്പിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം പുറത്തെടുത്തു.