അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും, ഷഹീന്‍ അഫ്രീദിയ്ക്ക് 4 വിക്കറ്റ്

- Advertisement -

പാക്കിസ്ഥാനെതിരെ 227 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. സ്പിന്നിനു വലിയ പിന്തുണയുള്ള പിച്ചില്‍ വലിയ സ്കോറല്ലെങ്കിലും മൂന്ന് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് നജീബുള്ള സദ്രാന്റെ ഇന്നിംഗ്സായിരുന്നു. താരം 45ാം ഓവറില്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ അല്പം കൂടി മികച്ച സ്കോറിലേക്ക് ടീമിനു എത്താമായിരുന്നു. ഷഹീന്‍ അഫ്രീദി ഇന്നിംഗ്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും വിക്കറ്റുകള്‍ നേടി അഫ്ഗാനിസ്ഥാന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

റഹ്മത് ഷായും ഗുല്‍ബാദിന്‍ നൈബും ഭേദപ്പെട്ട തുടക്കം ടീമിനു നല്‍കിയെങ്കിലും 15 റണ്‍സ് നേടിയ നൈബിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. അടുത്ത പന്തില്‍ ഹസ്മത്തുള്ള ഷഹീദിയെയും പുറത്താക്കി ഹാട്രിക്കിനു അടുത്ത് ഷഹീന്‍ എത്തിയെങ്കിലും താരത്തിന് നേട്ടം കൊയ്യാനായില്ല. റഹ്മത് ഷായും ഇക്രം അലി ഖില്ലും ചേര്‍ന്ന് 30 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 35 റണ്‍സ് നേടിയ റഹ്മത് ഷായെ ഇമാദ് വസീം പുറത്താക്കി.

നാലാം വിക്കറ്റില്‍ അതിവേഗ ബാറ്റിംഗുമായി അസ്ഗര്‍ അഫ്ഗാന്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും 35 പന്തില്‍ 42 റണ്‍സ് നേടിയ താരത്തെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് വീണ്ടും മേല്‍ക്കൈ നല്‍കി. മത്സരം മാറ്റി മറിച്ച മുഹൂര്‍ത്തമായിരുന്നു അത്. 250നു മേലുള്ള സ്കോറിലേക്ക് അഫ്ഗാനിസ്ഥാന്‍ നീങ്ങുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്ത ഓവറില്‍ ഇമാദ് വസീമിനെയും നഷ്ടമായി ടീം 125/5 എന്ന നിലയിലേക്ക് വീണു.

മുഹമ്മദ് നബിയും(16) പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 200 കടക്കുമോയെന്ന് കരുതിയെങ്കിലും നജീബുള്ള സദ്രാനും ഷമിയുള്ള ഷിന്‍വാരിയും ചേര്‍ന്ന് ടീമിനെ 200 കടത്തിയെങ്കിലും 42 റണ്‍സ് നേടിയ നജീബുള്ളയെയും റഷീദ് ഖാനെയും പുറത്താക്കി ഷഹീന്‍ അഫ്രീദി വീണ്ടും അഫ്ഗാനിസ്ഥാന് തിരിച്ചടി നല്‍കി. സമിയുള്ള ഷിന്‍വാരി 19 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സിലേക്ക് എത്തുകയായിരുന്നു.

Advertisement