ലോകകപ്പില്‍ അക്രമിനെ മറികടക്കുവാന്‍ ആകുമോ വഹാബ് റിയാസിന്?

- Advertisement -

പാക്കിസ്ഥാന്റെ മുന്‍ നിര ബൗളര്‍ സ്ഥാനത്ത് നിന്ന് പുറത്തായിട്ട് ഏറെ നാളായി വഹാബ് റിയാസ്. മുഹമ്മദ് അമീറിനെയും താരത്തിനെയും ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ പോലും പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അവസാന നിമിഷം ഇരുവരെയും ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വഹാബ് റിയാസ് 2 വിക്കറ്റ് നേടിയപ്പോള്‍ താരത്തിന്റെ ലോകകപ്പിലെ വിക്കറ്റ് നേട്ടം 34 വിക്കറ്റായി മാറി.

പാക്കിസ്ഥാന്‍ ഇതിഹാസമായ വസീം അക്രം ലോകകപ്പില്‍ നേടിയ 35 വിക്കറ്റുകളുടെ റെക്കോര്‍ഡ് ഒപ്പമെത്തുവാനോ മറികടക്കുവാനോ വഹാബിന് ഇനി കുറഞ്ഞത് ഒരു മത്സരം കൂടിയുണ്ട് താനും. പാക്കിസ്ഥാന്‍ സെമിയിലേക്ക് യോഗ്യത നേടിയാല്‍ ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ കൂടുതല്‍ സാധ്യതയാവും താരത്തിന്. ഇന്ന് 8 ഓവറില്‍ 29 റണ്‍സ് നല്‍കി 2 വിക്കറ്റാണ് താരം നേടിയത്.

ഷഹീന്‍ അഫ്രീദി 4 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഒപ്പം മറുവശത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ വഹാബിനു സാധിച്ചിരുന്നു. ടീമില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞത് വഹാബ് ആയിരുന്നു.

Advertisement