പാക്കിസ്ഥാനെതിരെ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. ലക്ഷ്യം 47.5 ഓവറിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശതകം നേടി പുറത്താകാതെ നിന്ന സ്റ്റഫാനിയാണ് വിന്‍ഡീസ് വിജയം ഒരുക്കിയത്. ബൗളിംഗിൽ മൂന്ന് വിക്കറ്റും താരം നേടി.
നിദ ദാര്‍(55), അയേഷ സഫര്‍(46), മുനീബ അലി(36) എന്നിവരാണ് പാക്കിസ്ഥാന് നിരയിൽ തിളങ്ങിയത്. ഓപ്പണര്‍മാരായ മുനീബയും അയേഷയും ചേര്‍ന്ന് 70 റൺസ് ഒന്നാം വിക്കറ്റിൽ നേടിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് തിരിച്ചടിയായി.
മധ്യനിരയിൽ നിദ ദാര്‍ മാത്രമാണ് അര്‍ദ്ധ ശതകം നേടി പൊരുതി നോക്കിയത്. മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റന്‍ സ്റ്റഫാനി ടെയിലര്‍ വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയിൽ തിളങ്ങി. അനീസ മുഹമ്മദിന് രണ്ട് വിക്കറ്റ് ലഭിച്ചു.
സ്റ്റഫാനി ടെയിലര്‍ പുറത്താകാതെ നേടിയ 105 റൺസാണ് ആതിഥേയരുടെ വിജയം ഉറപ്പാക്കിയത്. ചെഡീന്‍ നേഷന്‍ 23 റൺസ് നേടിയപ്പോള്‍ 17 റൺസുമായി ബ്രിട്നി കൂപ്പര്‍ ക്യാപ്റ്റനൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. പാക് നിരയിൽ സാദിയ ഇക്ബാല്‍ രണ്ട് വിക്കറ്റ് നേടി.