ക്യാപ്റ്റന്‍ ഷാനിയുടെ അര്‍ദ്ധ ശതകത്തിന് ശേഷം തകര്‍ന്ന കേരളത്തിനെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്

ഒരു ഘട്ടത്തില്‍ പഞ്ചാബിനെതിരെ 96/5 എന്ന നിലയിലേക്ക് വീണ കേരളത്തെ കരകയറ്റി മിന്നു മണി – സജന കൂട്ടുകെട്ട്. പഞ്ചാബിനെതിരെ ഇന്ന് വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തുടക്കം തന്നെ ഭൂമിയകെയും കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ ജിന്‍സി ജോര്‍ജ്ജിനെയും നഷ്ടമായ കേരളം 16/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

അവിടെ നിന്ന് അക്ഷയയും(29) ക്യാപ്റ്റന്‍ ഷാനിയും(50) ടീമിന് വേണ്ടി മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയെങ്കിലും ഇരുവരുടെയും വിക്കറ്റും ദൃശ്യയെയും കേരളത്തിന് നഷ്ടമായപ്പോള്‍ 94/2 എന്ന നിലയില്‍ നിന്ന് കേരളം 96/5 എന്ന നിലയിലേക്ക് തകര്‍ന്നു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടുകെട്ടുമായി മിന്നു മണിയും സജനയും ചേര്‍ന്ന് ടീം സ്കോര്‍ 195ലേക്ക് എത്തിച്ചു.

34 റണ്‍സ് നേടിയ സജനയെ കേരളത്തിന് നഷ്ടമായി അധികം വൈകാതെ കേരളത്തിന് മിന്നു മണിയുടെ വിക്കറ്റും നഷ്ടമായി. 55 പന്തില്‍ നിന്ന് 72 റണ്‍സാണ് താരം നേടിയത്. മിന്നും പുറത്തായി അധികം വൈകാതെ കേരളം ഓള്‍ഔട്ട് ആകുകയായിരുന്നു.

പഞ്ചാബിന് വേണ്ടി കനിക അഹൂജ 4 വിക്കറ്റും മെഹക് കേസര്‍, മീന എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.