മെഗ് ലാന്നിംഗിന്റെ മികവില്‍ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

Sports Correspondent

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 50 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടിയപ്പോള്‍ മെഗ് ലാന്നിംഗ് പുറത്താകാതെ നേടിയ 101 റണ്‍സിന്റെ മികവില്‍ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 45.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 79 റണ്‍സ് നേടിയ സോഫി ഡിവൈനും 69 റണ്‍സ് നേടിയ ആമി സാത്തെര്‍ത്ത്വൈറ്റുമാണ് ഓസീസ് നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഒന്നാം വിക്കറ്റില്‍ നതാലി ഡോഡും സോഫി ഡിവൈനും ചേര്‍ന്ന് 75 റണ്‍സ് നേടുകയായിരുന്നു. 34 റണ്‍സാണ് ഡോഡ് നേടിയത്. പിന്നീട് രണ്ടാം വിക്കറ്റില്‍ സോഫി- ആമി കൂട്ടുകെട്ട് 93 റണ്‍സ് നേടിയെങ്കിലും ഇരുവരും പുറത്തായതോടെ അവസാന ഓവറുകളില്‍ ന്യൂസിലാണ്ടിന്റെ സ്കോറിംഗ് പതുക്കെയായി.

കാറ്റി മാര്‍ട്ടിനും(26) മാഡി ഗ്രീനും(21) വേഗത്തില്‍ സ്കോറിംഗ് നടത്തിയെങ്കിലും തുടരെ വിക്കറ്റുകളുമായി ഓസ്ട്രേലിയന്‍ ബൗളിംഗ് നിര മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ജെസ്സ് ജോനാസ്സെന്‍ നാലും സോഫി മോളിനെക്സ്, മെഗാന്‍ ഷൂട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം വിക്കറ്റില്‍ മെഗ് ലാന്നിംഗും റേച്ചല്‍ ഹെയ്ന്‍സും നേടിയ 117 റണ്‍സ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയന്‍ വിജയത്തിന് അടിത്തറ. 82 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്‍ന്‍സ് പുറത്തായെങ്കിലും ബാറ്റിംഗ് തുടര്‍ന്ന മെഗ് ലാന്നിംഗ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി അമേലിയ കെര്‍ മൂന്നും സോഫി ഡിവൈന്‍ രണ്ടും വിക്കറ്റ് നേടി.