ആവേശപ്പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യ നേടിയ 205 റണ്‍സ് പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ ഏഴെണ്ണം നഷ്ടമായെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 30 റണ്‍സ് കൂട്ടുകെട്ടുമായി ജോര്‍ജ്ജിയ എല്‍വിസ്-കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ട് ഒത്തുചേര്‍ന്നപ്പോള്‍ 48.5 ഓവറില്‍ വിജയം ഉറപ്പാക്കി സന്ദര്‍ശകര്‍. 45/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഇംഗ്ലണ്ടിന്റെ ഈ വിജയം. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി മൂന്നും ശിഖ പാണ്ടേ, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പരമ്പര നേരത്തെ തന്നെ വിജയിച്ച ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയം സ്വന്തമാക്കുവാന്‍ ഇംഗ്ലണ്ടിനു സാധിക്കുകയായിരുന്നു. 56 റണ്‍സ് നേടി ഡാനിയേല്‍ വയട്ടും 47 റണ്‍സുമായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയ മറ്റു താരങ്ങള്‍.

എന്നാല്‍ മത്സരം ഇംഗ്ലണ്ടിനു സ്വന്തമാക്കുവാന്‍ സഹായിച്ചത് ജോര്‍ജ്ജിയ എല്‍വിസിന്റെ പ്രകടനം തന്നെയാണ്. ഒപ്പം കാത്തറിന്‍ ബ്രണ്ടും ചേര്‍ന്നപ്പോള്‍ പരിഭ്രമം ഇല്ലാതെ ഇന്ത്യയെ കീഴടക്കുവാന്‍ ഇംഗ്ലണ്ടിനായി. എല്‍വിസ് 33 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബ്രണ്ട് 18 റണ്‍സാണ് വിജയികള്‍ക്കായി നേടിയത്. അവസാന ഓവറിനു മുമ്പ് ബ്രണ്ട് പുറത്തായെങ്കിലും ലക്ഷ്യം രണ്ട് റണ്‍സ് അകലെ മാത്രമായിരുന്നതിനാല്‍ അടുത്ത പന്തില്‍ തന്നെ ബൗണ്ടറി നേടി വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തില്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ജെമീമ റോഡ്രിഗസിനെ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന(66), പൂനം റൗട്ട്(56) സഖ്യം നേടിയ 129 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഒരേ ഓവറില്‍ ഇന്ത്യയ്ക്ക് സ്മൃതിയെയും പൂനം റൗട്ടിനെയും നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

അടുത്ത ഓവറില്‍ മോന മേശ്രാമിനെയും അതിനടുത്ത ഓവറില്‍ മിത്താലിയെയും പുറത്താക്കി കാത്തറിന്‍ ബ്രണ്ട് തന്റെ വിക്കറ്റ് നേട്ടം മത്സരത്തില്‍ അഞ്ചാക്കി മാറ്റി. 129/1 എന്ന നിലയില്‍ നിന്ന് ഇന്ത്യ 50 ഓവര്‍ അവസാനിക്കുമ്പോള്‍ 205/8 എന്ന സ്കോറിലേക്ക് കഷ്ടപ്പെട്ട് നീങ്ങുകയായിരുന്നു. ശിഖ പാണ്ടേ(26) റണ്‍സ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

Previous articleകിരീടപ്പോരിൽ റിയൽ കശ്മീർ പുറത്ത്, ഇനി പോരാട്ടം ഈസ്റ്റ് ബംഗാളും ചെന്നൈ സിറ്റിയും തമ്മില്‍
Next articleവനിത ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇംഗ്ലണ്ട്