വനിത ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ പൊരുതി നേടിയ വിജയവുമായി ഇംഗ്ലണ്ട് ആശ്വസാ ജയം സ്വന്തമാക്കുന്നതിനിടയില്‍ വനിത ക്രിക്കറ്റിലെ അപൂര്‍വ്വ നേട്ടം കൂടി കരസ്ഥമാക്കുകയായിരുന്നു. 200നു മുകളില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 50 റണ്‍സിനിടെ 5 വിക്കറ്റ് നഷ്ടമായ ശേഷം വിജയം പിടിച്ചെടുക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന ബഹുമതി ഇംഗ്ലണ്ട് ഇന്ന് സ്വന്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 45/5 എന്ന നിലയിലേക്ക് വീണിരുന്നു. അതിനു ശേഷം ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് – ഡാനിയേല്‍ വയട്ട് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടിയ 69 റണ്‍സും വയട്ട്-ജോര്‍ജ്ജിയ എല്‍വിസ് കൂട്ടുകെട്ട് നേടിയ 56 റണ്‍സ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടും ഇംഗ്ലണ്ടിനെ തിരിച്ചുവരവിനു അവസരം നല്‍കിയെങ്കിലും ജയം അകലെ തന്നെയായിരുന്നു അപ്പോള്‍.

പിന്നീട് എട്ടാം വിക്കറ്റില്‍ വളരെ നിര്‍ണ്ണായകമായ 30 റണ്‍സുമായി ജോര്‍ജ്ജിയ എല്‍വിസ്-കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ടും രംഗത്തെത്തിയതോടെയാണ് ചരിത്ര വിജയം നേടുവാന്‍ ഇംഗ്ലണ്ടിനു സാധിച്ചത്. ഇംഗ്ലണ്ടിനായി വയട്ട് 56 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ഹീത്തര്‍ നൈറ്റ് 47 റണ്‍സ് നേടി. ജോര്‍ജ്ജിയ എല്‍വിസ് പുറത്താകാതെ 33 റണ്‍സും നേടി ഇംഗ്ലണ്ടിനായി തിളങ്ങി. കാത്തറിന്‍ ബ്രണ്ട് നിര്‍ണ്ണായകമായ 18 റണ്‍സ് ടീമിനായി നേടി.

Previous articleആവേശപ്പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്
Next articleസ്മൃതിയുടെ പുതിയ ശീലം, പരമ്പരയിലെ താരം പദവി സ്വന്തമാക്കല്‍