അഞ്ജു ജൈന്‍ ഇനി ബറോഡ വനിത ടീമിന്റെ പരിശീലക

മുന്‍ ഇന്ത്യന്‍ താരവും കോച്ചുമായ അഞ്ജു ജൈന്‍ ഇനി ബറോഡ ടീമിന്റെ പരിശീലക. ഇന്ത്യയ്ക്കായി 65 ഏകദിനങ്ങളില്‍ പങ്കെടുത്ത താരം ബംഗ്ലാദേശ് വനിത ടീമിന്റെ പരിശീലക സ്ഥാനവും അലങ്കരിച്ചിരുന്നു. 12 വര്‍ഷം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരം 2005ല്‍ ആണ് റിട്ടയര്‍ ചെയ്തത്. ഇതിനിടെ 2000 ലോകകപ്പില്‍ ടീമിനെ നയിക്കാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിരുന്നു.

ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി 2011 മുതല്‍ 2013 വരെ പ്രവര്‍ത്തിച്ച അഞ്ജു 2018ല്‍ ആണ് ബംഗ്ലാദേശ് കോച്ചായി എത്തിയത്. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടുവാനും ടീമിനെ പ്രാപ്തരാക്കുവാന്‍ അഞ്ജുവിന് സാധിച്ചു. എന്നാല്‍ അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിലെ മോശം പ്രകടനം താരത്തിന്റെ കരാര്‍ അവസാനിപ്പിക്കുന്നതിന് ബംഗ്ലാദേശിനെ പ്രേരിപ്പിച്ചു.

ബറോഡയില്‍ ദേവിക പാല്‍ഷികര്‍ ആണ് അഞ്ജുവിന്റെ സഹ പരിശീലകയായി എത്തുക. മുമ്പ് ചില ബറോഡ താരങ്ങളുമായി പ്രവര്‍ത്തിച്ചിട്ടുള്ളത് തനിക്ക് ഗുണം ചെയ്യുമെന്നും അഞ്ജു വ്യക്തമാക്കി.