ശ്രദ്ധ ചെലുത്തേണ്ടത് പിച്ചുകളിലും ബൗളര്‍മാരുടെ വര്‍ക്ക് ലോഡിലും – അനില്‍ കുംബ്ലെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുവാനുള്ള ഒരുക്കങ്ങള്‍ ചെറിയ തോതില്‍ പലയിടത്തും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മത്സരം പുനരാരംഭിക്കുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്നതില്‍ തന്റെ നിര്‍ദ്ദേശം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഇന്ത്യയുടെ ക്യാപ്റ്റനും കോച്ചുമായി പ്രവര്‍ത്തിച്ചിട്ടുള്ള കുംബ്ലെ ഇപ്പോള്‍ ഐസിസി ക്രിക്കറ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആണ്. ബൗളര്‍മാരുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിനാണ് ഏറ്റവും അധികം പ്രാധാന്യം നല്‍കേണ്ടതെന്നാണ് അനില്‍ കുംബ്ലെയുടെ അഭിപ്രായം.

താരം പറയുന്നത് പ്രകാരം ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയുന്നതിന് ബൗളര്‍മാര്‍ തയ്യാറാകരുതെന്നും ചെറിയ തോതിലാണ് പരിശീലനം അവര്‍ ആരംഭിക്കേണ്ടതെന്നും കുംബ്ലെ വ്യക്തമാക്കി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡ്രസ്ട്രി സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കുമ്പോളാണ് താരം ഇത് വ്യക്തമാക്കിയത്. രണ്ടര മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് താരങ്ങള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതെന്ന് ഓര്‍ക്കണമെന്നും പരിക്കിന് ശേഷമുള്ള ഇടവേളയില്‍ ക്രിക്കറ്റിലേക്ക് മടങ്ങുന്നത് പോലെയല്ല ഇതെന്നും അനില്‍ കുംബ്ലെ വ്യക്തമാക്കി.

പുതിയ സാഹചര്യത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ 30 ഓവറുകള്‍ എറിയുന്നതും സ്പിന്നര്‍മാര്‍ 30-40 ഓവര്‍ എറിയുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അനില്‍ കുംബ്ലെ വ്യക്തമാക്കി. ബൗളര്‍മാരുടെ വര്‍ക്ക്ലോഡ് കൈകാര്യം ചെയ്യുന്നതിനായി ബൗളര്‍മാര്‍ക്ക് അനുകൂലമായ കൂടുതല്‍ പിച്ചുകള്‍ സൃഷ്ടിക്കുകയും ഒരു മാര്‍ഗ്ഗമാണെന്ന് അനില്‍ കുംബ്ലെ വ്യക്തമാക്കി.