ഇംഗ്ലണ്ട് ടെസ്റ്റുകള്‍ക്ക് മുമ്പ് വിന്‍ഡീസ് താരങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് പര്യടനം നടത്താനൊരുങ്ങുന്ന വിന്‍ഡീസ് താരങ്ങള്‍ പരമ്പരയ്ക്ക് മുമ്പ് 14 ദിവസത്തെ ക്വാറന്റൈന് വിധേയരാകുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്. പര്യടനത്തിനായി 30 താരങ്ങളെയാണ് ബോര്‍ഡ് കണ്ടെത്തിയിട്ടുള്ളത്. ജൂണ്‍ 4ന് നടക്കേണ്ടിയിരുന്ന പരമ്പര ഇപ്പോള്‍ ജൂലൈ വരെയാണ് മാറ്റി വെച്ചിരിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുണ്ടായിരുന്നത്.

ഇംഗ്ലണ്ട് ബോര്‍ഡും വിന്‍ഡീസ് ബോര്‍ഡും മത്സരങ്ങള്‍ ജൂലൈയില്‍ സുഗമമായി നടത്തുവാനുള്ള ചര്‍ച്ചകളുമായിട്ട് മുന്നോട്ട് പോകുകയാണ്. ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് സിഇഒ ജോണി ഗ്രേവ് പറയുന്നത്, ഇംഗ്ലണ്ടിലെത്തിയ ശേഷം താരങ്ങള്‍ 14 ജിലസത്തെ ക്വാറന്റൈന് വിധേയരാകുമെന്നാണ്.

ഇന്‍ഡോര്‍ പരിശീലനം നടത്തുവാന്‍ സൗകര്യമുള്ള സ്ഥലത്ത് വേണം ഇത്തരം ക്വാറന്റൈന്‍ സൗകര്യം ഒരുക്കേണ്ടതെന്ന് ഇംഗ്ലണ്ട് ബോര്‍ഡിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഗ്രേവ് പറഞ്ഞത്. താമസ സൗകര്യവും പരിശീലനത്തിനുള്ള ഒരുക്കങ്ങളുമെല്ലാം അടുത്ത് തന്നെ ലഭ്യമായ വേദികള്‍ പരിഗണിക്കാനാണ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിശീല സൗകര്യവും ഹോട്ടല്‍ താമസവുമെല്ലാം ജൈവ-സുരക്ഷിതമായ സാഹചര്യത്തിലാകണമെന്നാണ് മറ്റൊരു ആവശ്യമെന്നും ഗ്രേവ് വ്യക്തമാക്കി. പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സുരക്ഷയ്ക്കായുള്ള വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗ്രേവ് വ്യക്തമാക്കി.

ഇരു ബോര്‍ഡുകളും ഇതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്ത് വരികയാണെന്നും ഇംഗ്ലണ്ട് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നുള്ള അനുമതി ആവശ്യമാണെന്നും അത് നേടിക്കഴിഞ്ഞാല്‍ പരമ്പരയുമായി മുന്നോട്ട് പോകാനാകുമെന്നാണ് കരുതുന്നതെന്നും ജോണി ഗ്രേവ് വ്യക്തമാക്കി.