ഓസ്ട്രേലിയയെ വെള്ളംകുടിപ്പിച്ച് വനിന്‍ഡു ഹസരംഗ, രണ്ടാം ജയവുമായി കടന്ന് കൂടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയവുമായി തടിതപ്പി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 124/9 എന്ന സ്കോറിലൊതുക്കിയ ശേഷം 53/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ഓസ്ട്രേലിയയെ വനിന്‍ഡു ഹസരംഗയാണ് പ്രതിരോധത്തിലാക്കിയത്.

താരം നേടിയ 4 വിക്കറ്റുകള്‍ ഓസ്ട്രേലിയയെ 99/7 എന്ന നിലയിലേക്ക് വീഴ്ത്തുകയായിരുന്നു. ആരോൺ ഫിഞ്ചും(13 പന്തിൽ 24) ഡേവിഡ് വാര്‍ണറും(10 പന്തിൽ 21) മികച്ച തുടക്കം ടീമിന് നൽകിയെങ്കിലും ഫിഞ്ചിനെ പുറത്താക്കി ഹസരംഗയാണ് തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മിച്ചൽ മാര്‍ഷിനെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും(19) താരം പുറത്താക്കിയപ്പോള്‍ മാത്യു വെയിഡ് ആണ് നിര്‍ണ്ണായക റൺസുകള്‍ നേടി ഓസ്ട്രേലിയയുടെ വിജയം സാധ്യമാക്കിയത്.

വെയിഡും ജൈ റിച്ചാര്‍ഡ്സണും എട്ടാം വിക്കറ്റിൽ നിര്‍ണ്ണായകമായ 27 റൺസാണ് നേടിയത്. വെയിഡ് 26 റൺസും റിച്ചാര്‍ഡ്സൺ 9 റൺസും നേടി പുറത്താകാതെ നിന്നു. 17.5 ഓവറിലാണ് ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്. വിജയത്തോടെ ഓസ്ട്രേലിയ ടി20 പരമ്പര സ്വന്തമാക്കി.