വിരാട് കോഹ്‌ലിയുടെ 11 വർഷത്തെ കുതിപ്പിന് 2020ൽ അവസാനം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഏകദിന ക്രിക്കറ്റിലെ 11 വർഷത്തെ സെഞ്ച്വറി കുതിപ്പിന് 2020ൽ അവസാനം. 2009ൽ ഏകദിനത്തിൽ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത് മുതൽ ഇതുവരെ 11 വർഷം തുടർച്ചയായി എല്ലാ കലണ്ടർ വർഷവും വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധ മൂലം കളിച്ച മത്സരങ്ങളും എണ്ണം കുറഞ്ഞതോടെ ഒരു സെഞ്ച്വറി പോലും 2020ൽ നേടാൻ വിരാട് കോഹ്‌ലിക്കായില്ല.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാത്രം വിരാട് കോഹ്‌ലി ഏകദിനത്തിൽ 17 സെഞ്ചുറികളാണ് സ്വന്തമാക്കിയത്. 2017ൽ 6 സെഞ്ച്വറിയും 2018ൽ 6 സെഞ്ച്വറിയും 2019ൽ 5 സെഞ്ച്വറിയുമാണ് വിരാട് കോഹ്‌ലി നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ നടന്ന ഈ വർഷത്തെ അവസാന ഏകദിന മത്സരത്തിൽ 63 റൺസ് എടുത്ത് വിരാട് കോഹ്‌ലി പുറത്തായതോടെ സെഞ്ച്വറി ഇല്ലാതെ 2020 വിരാട് കോഹ്‌ലി പൂർത്തിയാക്കുകയായിരുന്നു.

2009 ഡിസംബറിൽ ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറിയാണ് ഏകദിനത്തിൽ വിരാട് കോഹ്‌ലിയുടെ ആദ്യ സെഞ്ച്വറി. 2008ന് ശേഷം വിരാട് കോഹ്‌ലി ഏറ്റവും കുറച്ച് ഏകദിന മത്സരങ്ങൾ കളിച്ച വർഷം കൂടിയാണ് 2020. ഈ വർഷം വിരാട് കോഹ്‌ലി വെറും 10 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിച്ചത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ 43 സെഞ്ച്വറികൾ വിരാട് കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. 49 ഏകദിന സെഞ്ച്വറികൾ സ്വന്തമാക്കിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് വിരാട് കോഹ്‌ലിക്ക് മുൻപിലുള്ളത്.