മുംബൈയുടെ പത്ത് വിക്കറ്റ് വിജയമെന്ന മോഹം തകര്‍ത്ത് വിഷ്ണു വിനോദ്

കേരളം നല്‍കിയ വിജയ ലക്ഷ്യമായ 200 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടക്കാമെന്ന മുംബൈയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിഷ്ണു വിനോദ്. പത്ത് വിക്കറ്റ് വിജയത്തിലേക്ക് മുംബൈ കുതിയ്ക്കുന്നതിനിടെ വിജയത്തിന് അഞ്ച് റണ്‍സ് അകലെ ഓപ്പണര്‍മാരെ പുറത്താക്കുവാന്‍ വിഷ്ണു വിനോദിനായെങ്കിലും വിജയത്തിന് തടയിടുവാന്‍ കേരളത്തിന് സാധിച്ചിരുന്നില്ല.

ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് തകര്‍ന്ന കേരളത്തെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് 199 എന്ന സ്കോറിലേക്ക് എത്തിച്ചത്. എന്നാല്‍ മുംബൈ ബാറ്റ്സ്മാന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കുവാന്‍ കേരള ബൗളര്‍മാര്‍ക്ക് കഴിയാതെ പോയപ്പോള്‍ 38.2 ഓവറില്‍ ടീം 8 വിക്കറ്റ് വിജയം സ്വന്തമാക്കി.

ഓപ്പണര്‍മാരായ യശസ്വി ഭൂപേന്ദ്ര ജൈസ്വാലും ആദിത്യ താരെയുമാണ് മുംബൈയെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. ജൈസ്വാല്‍ 122 റണ്‍സ് നേടി വിജയത്തിന് അഞ്ച് റണ്‍സ് അകലെ പുറത്തായപ്പോള്‍ ആദിത്യ താരെ 67 റണ്‍സുമായി വിഷ്ണു വിനോദിന് വിക്കറ്റ് നല്‍കി മടങ്ങി.