താൻ ഇല്ലെങ്കിലും ഇന്ത്യ മികച്ച ടീമാണെന്ന് ഛേത്രി

ഇന്ത്യൻ ടീം താൻ ഇല്ലായെങ്കിലും മികച്ച ടീം തന്നെ ആണെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി‌. നാളെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാൻ ഇരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ ഛേത്രി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഖത്തറിനെ സമനിലയിൽ പിടിച്ചിരുന്നു. എങ്കിലും ഛേത്രിയുടെ അഭാവത്തിൽ ഗോൾ അടിക്കാൻ ആളില്ലാത്ത അവസ്ഥയിലാണ് ഇന്ത്യ.

എന്നാൽ താൻ ഇല്ലായെങ്കിലും ടീമിന് മികച്ച രീതിയിൽ കളിക്കാൻ ആകും എന്ന് സുനിൽ ഛേത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഭാഗ്യവാനാണെന്നതും തനിക്ക് കുറച്ച് പരിചയസമ്പത്ത് ഉണ്ട് എന്നതും മാത്രമാണ് ഒരു മേന്മയായി പറയാൻ ഉള്ളൂ എന്ന് ഛേത്രി പറഞ്ഞു. ഇത് താൻ വെറുതെ പറയുന്നതല്ല എന്നും ഇതാണ് സത്യമെന്നും ഛേത്രി പറഞ്ഞു. തന്നെ ബംഗ്ലാദേശ് താരങ്ങൾ മാൻ മാർക്ക് ചെയ്താ സന്തോഷമേ ഉള്ളൂ എന്നും അത് മറ്റു ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യും എന്നും ഛേത്രി പറഞ്ഞു‌. ഉദാന്ത, ആശിഖ്, ബല്വന്ത്, മന്വീർ എന്നിവരെല്ലാം ഇന്ത്യൻ അറ്റാക്കിലെ മികച്ച താരങ്ങളാണെന്നും താൻ മാത്രമല്ല കാര്യം എന്നും ഛേത്രി പറഞ്ഞു.