കേരളത്തിന്റെ സ്കോറിന് മാന്യത പകര്‍ന്ന് നിധീഷ്-അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ട്

മുംബൈയ്ക്കെതിരെ ബാറ്റിംഗ് തുടക്കത്തില്‍ പാളിയെങ്കിലും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തില്‍ 199 റണ്‍സാണ് കേരളം നേടിയത്. ഒരു ഘട്ടത്തില്‍ കേരളം 130/8 എന്ന നിലയിലേക്ക് വീണ ശേഷമാണ് 68 റണ്‍സ് നേടി കേരളത്തെ മുന്നോട്ട് നയിക്കുവാന്‍ ഈ കൂട്ടുകെട്ടിനായത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്നിംഗ്സിന്റെ അവസാനത്തോടെ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് കേരളത്തെ ഓള്‍ഔട്ട് ആക്കിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 199 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയാണ് ടോപ് സ്കോറര്‍. നിധീഷ് എംഡി 40 റണ്‍സ് നേടി. അക്ഷയ് ചന്ദ്രനെ(29) പുറത്താക്കിയാണ് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈ തകര്‍ത്തത്. മൂന്ന് പന്തുകള്‍ക്ക് ശേഷം നിധീഷും പുറത്തായതോടെ കേരളത്തിന്റെ ചെറുത്ത്നില്പ് അവസാനിച്ചു.

38 റണ്‍സ് നേടിയ രാഹുല്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്ത് നില്പാണ് കേരളത്തെ നൂറ് കടക്കുവാന്‍ സഹായിച്ചത്. 82/5 എന്ന നിലയില്‍ നിന്ന് ടീം സ്കോര്‍ 120ലേക്ക് ഇരുവരും നയിച്ചുവെങ്കിലും ഇരുവരെയും അടുത്തടുത്ത് നഷ്ടമായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.

48.4 ഓവറില്‍ കേരളം ഓള്‍ഔട്ട് ആയപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂറും ധവാല്‍ കുല്‍ക്കര്‍ണ്ണിയും മുംബൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. ധ്രുമില്‍ മട്കര്‍ രണ്ട് വിക്കറ്റും നേടി.