കര്‍ണ്ണാടകയുടെ വിജയത്തോടെ കേരളം ഗ്രൂപ്പില്‍ മൂന്നാമത്, എന്നാല്‍ സാധ്യതകള്‍ ഇപ്രകാരം

Robinvishnusanju
- Advertisement -

16 പോയിന്റുകള്‍ നേടിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനം ഉറപ്പാകുമോ എന്നത് നാളത്തെ മത്സരങ്ങള്‍ക്ക് ശേഷം മാത്രമാകും അറിയുക. കേരളത്തിന്റെ ഗ്രൂപ്പില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും ഉത്തര്‍ പ്രദേശിനും പോയിന്റ് പട്ടികയില്‍ ഒരേ പോയിന്റായിരുന്നുവെങ്കിലും റണ്‍റേറ്റ് മികച്ച നിന്നത് കര്‍ണ്ണാടകയ്ക്ക് തുണയായി.

കര്‍ണ്ണാടക തങ്ങളുടെ അവസാന മത്സരത്തില്‍ റെയില്‍വേസിനെതിരെ 10 വിക്കറ്റ് വിജയം ആണ് കരസ്ഥമാക്കിയത്. റെയില്‍വേസ് 9 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയപ്പോള്‍ കര്‍ണ്ണാടക 40.3 ഓവറില്‍ ലക്ഷ്യം മറികടന്നു. കര്‍ണ്ണാടകയ്ക്ക് +1.879 റണ്‍ റേറ്റും ഉത്തര്‍ പ്രദേശിന് +1.559 റണ്‍ റേറ്റുമാണുള്ളത്. കേരളത്തിന്റേത് +1.244 ആണ് റണ്‍റേറ്റ്.

കര്‍ണ്ണാടകയ്ക്കായി ദേവ്ദത്ത് പടിക്കല്‍ 125 പന്തില്‍ 145 റണ്‍സും ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥ് 118 പന്തില്‍ 130 റണ്‍സും നേടിയാണ് വിജയമൊരുക്കിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പിലെ അഞ്ച് ജേതാക്കള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കുമ്പോള്‍ ഈ ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും അധികം റാങ്കിംഗ് ഉള്ള അടുത്ത രണ്ട് ടീമുകള്‍ക്കും ക്വാര്‍ട്ടറിലേക്ക് നേരിട്ട് യോഗ്യത ലഭിയ്ക്കും. എലൈറ്റ് ഗ്രൂപ്പിലെ അടുത്ത റാങ്കുള്ള ടീം പ്ലേറ്റിലെ വിജയികളുമായി എലിമിനേറ്റര്‍ കളിച്ച ശേഷം ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാം.

ഉത്തര്‍പ്രദേശിനും കേരളത്തിനും ബറോഡയ്ക്കും നിലവില്‍ 16 പോയിന്റാണുള്ളത്. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് ഇ എന്നിവയില്‍ ഒരു മത്സരം കൂടി അവശേഷിക്കാനിരിക്കെ ഡല്‍ഹിയോ, ചണ്ഡിഗഢോ ആണ് ആ ഗ്രൂപ്പില്‍ 16 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തുവാന്‍ സാധ്യതയുള്ളത്.

ബറോഡയെക്കാള്‍ മികച്ച റണ്‍റേറ്റാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. അതേ സമയം ഡല്‍ഹി നാളെ വലിയ വിജയം നേടുകയാണെങ്കില്‍ കേരളത്തിനെ മറികടന്ന് യുപിയ്ക്കൊപ്പം ആറും ഏഴും സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് കടക്കും. അപ്പോളും കേരളത്തിന് എലിമിനേറ്റര്‍ കളിക്കുവാനുള്ള നേരിയ സാധ്യതയുണ്ടെന്നാണ് ബിസിസിഐയുടെ നിയമം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.

Advertisement