വരുണ്‍ ചക്രവര്‍ത്തിയ്ക്ക് വീണ്ടും തിരിച്ചടി, ഫിറ്റ്നസ്സ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടതായി സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ വരുണ്‍ ചക്രവര്‍ത്തിയുണ്ടാകുമോ എന്നതില്‍ അവ്യക്തത. താരത്തിന്റെ ഫിറ്റ്നസ്സ് ടെസ്റ്റ് പരാജയമായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. 8.5 മിനുട്ടില്‍ 2 കിലോമീറ്റര്‍ ഓട്ടമോ യോ-യോ ടെസ്റ്റില്‍ 17.1 സ്കോര്‍ നേടുന്നവര്‍ക്കോ ആണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം എന്നാണ് പുതിയ നിയമം. എന്നാല്‍ താരത്തിന് അതിന് സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുവാനുള്ള താരത്തിന്റെ ആഗ്രഹം ഇനിയും നടക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. താരം കഴിഞ്ഞ നവംബറില്‍ ഐപിഎല്‍ പ്രകടനത്തിന്റെ ബലത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമില്‍ ഇടം പിടിച്ചുവെങ്കിലും താരത്തിന് ടീമിനൊപ്പം ചേരുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പോകേണ്ടി വരികയായിരുന്നു.

താരത്തിന് പന്ത് ത്രോ ചെയ്യുവാനുള്ള ബുദ്ധിമുട്ട് ഉണ്ടെന്ന് കണ്ടെത്തി അത് പരിഹരിക്കുവാനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നത്. ഈ പ്രശ്നമായിരുന്നു താരത്തിന്റെ ഓസ്ട്രേലിയന്‍ ടൂര്‍ സ്വപ്നത്തെ തകര്‍ത്തത്.