വിജയ് ഹസാരെയിൽ പതിനേഴുകാരന്റെ റെക്കോർഡ് ഡബിൾ സെഞ്ചുറി

വിജയ ഹസാരെയിൽ ചരിത്രമെഴുതി മുംബൈ താരം യശസ്‌വി ജയ്‌സ്വാൾ. ഇന്ന് ജാർഖണ്ഡിനെതിരെ നടന്ന മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയാണ് ജയ്‌സ്വാൾ ചരിത്രമെഴുതിയത്. 154 പന്തിൽ 203 റൺസ് എടുത്ത ജയ്‌സ്വാൾ ലിസ്റ്റ് എ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 വയസ്സും 292 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. വിജയ് ഹസാരെയിൽ ഈ സീസണിൽ അഞ്ച് മത്സരങ്ങൾ കളിച്ച ജയ്‌സ്വാളിന്റെ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു ഇത്.

17 ഫോറുകളും 12 കൂറ്റൻ സിക്സുകളും ഉൾപെടുന്നതായിരുന്നു താരത്തിന്റെ ഡബിൾ സെഞ്ചുറി. ഈ വർഷത്തിന്റെ തുടക്കത്തിലാണ് താരം ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. അണ്ടർ 19 വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് യശസ്‌വി ജയ്‌സ്വാൾ. കഴിഞ്ഞ ദിവസം കേരള താരം സഞ്ജു സാംസണും വിജയ് ഹസാരെയിൽ ഡബിൾ സെഞ്ചുറി നേടിയിരുന്നു. വിജയ് ഹസാരെയിൽ ഒരു താരം നേടുന്ന ഏറ്റവും വലിയ വ്യക്തിഗത സ്കോർ എന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കിയിരുന്നു.